മോദി വ്യക്തിയല്ല പ്രസ്ഥാനമാണെന്ന് നടൻ കൃഷ്ണകുമാർ; കൃഷ്ണകുമാറിനെ കൃഷ്ണമണിപോലെ കാക്കുമെന്ന് കെ സുരേന്ദ്രൻ

single-img
20 August 2020

പ്രധനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി സിനിമാ താരം കൃഷ്ണകുമാർ. മൈന്യൂട്ടായ കാര്യങ്ങൾ പോലും കണ്ടെത്താൻ കഴിയുന്ന വ്യക്തിയാണ് പ്രധാനമന്ത്രിയെന്നും ഇന്ത്യ കൈവിട്ടുപോകുന്നു എന്ന് തോന്നിയ ഒരു സമയമുണ്ടായിരുന്ന സമയത്താണ് അദ്ദേഹത്തിൻ്റെ വരവെന്നും കൃഷ്ണകുമാർ പറഞ്ഞു. 

അതിനുശേഷം ഇന്ത്യയിൽ വന്ന മാറ്റങ്ങൾ എടുത്തുപറയേണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.മോദി ഒരു വ്യക്തിയല്ല, പ്രസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു. 

“അങ്ങനെ പറയാൻ പല കാരണങ്ങളുണ്ട്. അദ്ദേഹത്തെ അവതാരമായി നമ്മൾ കാണാറുണ്ട്. ഇന്ത്യ കൈവിട്ടുപോകുന്നു എന്ന് തോന്നിയ ഒരു സമയമുണ്ടായിരുന്നു. അപ്പോഴാണ് 2014 ൽ അദ്ദേഹത്തിന്റെ വരവ്. അതിനുശേഷം ഇന്ത്യയിൽ വന്ന മാറ്റങ്ങൾ എടുത്തുപറയേണ്ടതാണ്. മൈന്യൂട്ടായ കാര്യങ്ങൾ പോലും കണ്ടെത്താൻ കഴിയുന്ന ഒരു വ്യക്തിയാണ് അദ്ദേഹം.” കൃഷ്ണകുമാർ പറഞ്ഞു.

സംസ്ഥാന സർക്കാരിനെതിരെ പോസ്റ്റിട്ടു എന്നതിൻ്റെ പേരിൽ മകൾ അഹാനയ്ക്ക് നേരിടേണ്ടി വന്ന സെെബർ ആക്രമണങ്ങളെ കുറിച്ചും അദ്ദേഹം വിവരിക്കുന്നുണ്ട്. അവൾ ചെയ്തത് തെറ്റാണെന്ന് ഒരിക്കലും പറയില്ലെന്നും വളരെ ശരിയായ കാര്യമാണ് എഴുതിയതെന്നും കൃഷ്ണകുമാർ പറഞ്ഞു. കേരളത്തിൽ ജീവിക്കുമ്പോൾ പബ്ലിക്കിൽ എഴുതാൻ പാടില്ലാത്ത രണ്ടു കാര്യങ്ങൾ, ഒന്ന് മതവും മറ്റൊന്ന് രാഷ്ട്രീയവുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

“ആരെയും ഭയന്നിട്ടല്ല. എങ്കിലും ഇത് രണ്ടും നമ്മൾ തൽക്കാലം മാറ്റിവയ്ക്കുക. അല്ലെങ്കിൽ ഒരു രാഷ്ട്രീയ പാർട്ടിയിൽ മെമ്പർഷിപ്പ് എടുത്തിട്ട് പറയാനുളളത് പറയുക. അതല്ല സിനിമയാണെങ്കിൽ മറ്റെല്ലാ കാര്യങ്ങളിൽ നിന്നും മാറി നിൽക്കുക. കാരണം ഇന്ന് കേരളത്തിലെ സിനിമ മറ്റൊരു ലോകമാണ്.” അദ്ദേഹം പറഞ്ഞു.

അതിനിടെ നടൻ കൃഷ്ണകുമാറിന് പിന്തുണ പ്രഖ്യാപിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ രംഗത്തെത്തി. നരേന്ദ്രമോദി സർക്കാറിനെ അനുകൂലിച്ചതിന്റെ പേരിൽ കൃഷ്ണ കുമാറിനെയും കുടുംബത്തിനെയും വേട്ടയാടാൻ അനുവദിക്കില്ലെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. പഴയ കേരളമല്ല ഇതെന്നും ലക്ഷോപലക്ഷം ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണ കൃഷ്ണകുമാറിന് ഉണ്ടെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

കണ്ണിലെ കൃഷ്ണമണി പോലെ കൃഷ്ണകുമാറിനെ കാത്തുസൂക്ഷിക്കാൻ കരുത്തുള്ള ഒരു പ്രസ്ഥാനം എപ്പോഴും കൂടെയുണ്ടെന്നും എല്ലാവിധ പിന്തുണയും അറിയിക്കുന്നെന്നും സുരേന്ദ്രൻ തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.