ധോണി ഒരേ സമയം വില്ലനുമായിരുന്നു ഹീറോയുമായിരുന്നു

single-img
20 August 2020

മനൂപ് ഖാന്‍

തന്റെ കരിയറിൽ ഒരു 1997-2000 സമയത്തിന് ശേഷം സൗരവ് ഗാംഗുലി ഏറ്റവും മികച്ച ഫോമിൽ കളിച്ചത് 2006 ലെ തിരിച്ചു വരവിനു ശേഷം 2007-08 സീസണിൽ ആയിരുന്നു. 2007 കലണ്ടർ വർഷത്തിൽ ടെസ്റ്റിലും ഏകദിനത്തിലും ആയിരത്തിലധികം റൺസ് നേടിയ, ഏഷ്യൻ ക്രിക്കറ്റർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട, വേൾഡ് ഇലവനിൽ സ്ഥാനം പിടിച്ച സൗരവ് ഗാംഗുലി 2007 ന് ശേഷം പിന്നീട് ഏകദിന ക്രിക്കറ്റ് കളിച്ചിട്ടില്ല. അതായത് ഏറ്റവും ഫോമിൽ കളിക്കുമ്പോൾ യുവാക്കൾക്ക് അവസരം കൊടുക്കാൻ എന്ന കാരണം പറഞ്ഞ് എന്നെന്നേക്കുമായി ടീമിൽ നിന്ന് പുറത്താക്കുകയായിരുന്നു.

ഇനിയൊരു തിരിച്ചു വരവ് ഉണ്ടാവില്ല എന്നു മനസിലാക്കിയതിനാൽ തന്നെയാണ് അദ്ദേഹം തൊട്ടടുത്ത വർഷം ടെസ്റ്റിൽ നിന്നും വിരമിച്ചത്. ഒരുപക്ഷേ അദ്ദേഹം ആ തീരുമാനം എടുത്തില്ലായിരുന്നു എങ്കിൽ ടെസ്റ്റിലും ഏത് നിമിഷവും പുറത്താക്കപ്പെടുമായിരുന്നു. അവസാന പരമ്പരയിലും സെഞ്ചുറി അടിച്ചാണ് അദ്ദേഹം മടങ്ങിയത്. രാഹുൽ ദ്രാവിഡും ഏകദിനത്തിൽ നിന്നും അപ്രതീക്ഷിതമായി പുറത്താക്കപ്പെടുകയായിരുന്നു.

സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ കളി നിർത്തിയത് പോലും പൂർണ്ണ മനസോടെയല്ല എന്നു കേട്ടിട്ടുണ്ട്. സ്വയം നിർത്താൻ ഭാവമില്ലെങ്കിൽ എടുത്തു വെളിയിൽ കളയും എന്ന അവസ്ഥയിൽ തന്നെയായിരുന്നു അദ്ദേഹവും കളി ജീവിതം അവസാനിപ്പിച്ചത്.

2007 ലെ ടി 20 ലോകകപ്പിലും 2011 ലെ ഏകദിന ലോകകപ്പിലും ഇന്ത്യയെ തോളിലേറ്റിയ, ലോകകപ്പിന്റെ താരമായ യുവരാജ് സിംഗിനെ ടീമിന് വേണ്ടാതാവുമ്പോ പ്രായം 32 ആയതെ ഉള്ളൂ. എന്തായിരുന്നു കാരണം? 2014 ലെ ടി20 ലോകകപ്പ് ഫൈനലിൽ അത്യാവശ്യ സമയത്ത് സ്കോറിങ്ങിന് വേഗം കൂട്ടാൻ കഴിഞ്ഞില്ല. അന്നത്തെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ടി20 സ്‌ട്രൈക്ക് റേറ്റ് ഉള്ള കളിക്കാരനായിരുന്നു യുവി. ആ ദിവസം അദ്ദേഹത്തിന് അത് സാധിച്ചില്ല. അതോടെ അദ്ദേഹത്തിന്റെ കരിയറിന്റെ കാര്യത്തിൽ തീരുമാനമായി. പിന്നീട് കുറെ കാലം ടീമിന് പുറത്ത്. എന്തിന്, തൊട്ടടുത്ത വർഷം ലോകകപ്പ് ടീമിൽ പോയിട്ട് സാധ്യതാ ലിസ്റ്റിൽ പോലും പരിഗണിച്ചില്ല.

ആ സമയത്തൊക്കെ ആഭ്യന്തര മത്സരങ്ങളിലൊക്കെ മികച്ച പ്രകടനം നടത്തിയിട്ടും പ്രായകൂടുതൽ ഇല്ലാഞ്ഞിട്ട് പോലും എന്തിനായിരുന്നു ആ അവഗണന? പിന്നീട് കുറച്ചു തവണ ടീമിൽ വന്നും പോയും ഇരുന്ന യുവി അവസരം കിട്ടിയപ്പോഴൊക്കെ മോശമല്ലാത്ത പ്രകടനവും കാഴ്ച വച്ചു. എന്നിട്ടും ഒരു ഘട്ടം കഴിഞ്ഞപ്പോൾ പൂർണ്ണമായും ഒഴിവാക്കി. കുറെ കാത്തിരുന്ന ശേഷം അദ്ദേഹവും പ്രതീക്ഷ മതിയാക്കി.
ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായ ശേഷം ഏതാണ്ട് കരിയർ അവസാനിച്ചു എന്ന അവസ്ഥയിൽ ഒരു ഐപിഎൽ മാച്ചിൽ ചെന്നൈക്ക് എതിരെ ധോണിയെ സാക്ഷിയാക്കി വീരേന്ദർ സെവാഗ് തകർത്താടി സെഞ്ചുറി അടിച്ച കളി ഇപ്പോഴും മനസിലുണ്ട്. ഞങ്ങളെല്ലാം അത് ആഘോഷിച്ചിരുന്നു.

അനിൽ കുംബ്ലെക്ക് ശേഷം ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സ്പിന്നർ ഹർഭജൻ സിംഗ്‌, പലപ്പോഴും തഴയപ്പെട്ട്, ഇടയ്ക്ക് വല്ലപ്പോഴും അവസരം കിട്ടിയപ്പോഴൊക്കെ താൻ ഇവിടെയൊരു അധികപ്പറ്റാണ് എന്ന പോലെ ഒട്ടും ആത്മാവിശ്വാസമില്ലാതെ അപമാനിക്കപ്പെട്ടവനെ പോലെ ഗ്രൗണ്ടിൽ നിൽക്കുന്നത് കണ്ടിട്ടുണ്ട്.
ഗൗതം ഗംഭീർ പുറത്തായത് ധോണിയുമായുള്ള സ്വരചേർച്ചയില്ലായ്മ്മ കൊണ്ടായിരുന്നു. സഹീർ ഖാനും ഇർഫാൻ പത്താനും യൂസഫ് പത്താനുമൊക്കെ ഇങ്ങനെ പുറത്തു പോയവരാണ്.

മേൽ പറഞ്ഞതെല്ലാം സംഭവിച്ചത് ധോണി യുഗത്തിലാണ്. ആവശ്യം കഴിഞ്ഞാൽ, അല്ലെങ്കിൽ തനിക്ക് ചേർന്നു പോകാൻ കഴിയുന്നില്ല എങ്കിൽ ഒരു വാക്ക് പോലും പറയാതെ എടുത്തു വെളിയിൽ കളയുക എന്ന രീതി കൊണ്ടു വന്നത് അയാളാണ്. വിശ്രമം എന്നോ പുതിയ കളിക്കാർക്ക് അവസരം കൊടുക്കാൻ എന്നോ പറഞ്ഞ് ഒരു പരമ്പരയിൽ പുറത്തിരുത്തും. അടുത്ത തവണ പരിഗണിക്കും എന്ന് പ്രതീക്ഷിച്ച് ഇരിക്കുന്നവർ പിന്നീട് ഒരിക്കലും ടീമിന്റെ വാതിൽ കാണാതെ കാത്തിരുന്ന് മടുത്ത് കളി നിർത്തും. ഒരുതരം ക്രൂരമായ അവഗണന. ഒടുവിൽ അവസാന കാലത്ത് അത് അയാളെ തന്നെ തിരിഞ്ഞു കൊത്തി.

കഴിഞ്ഞ വർഷം ഏകദിന ലോകകപ്പിന് ശേഷം വിശ്രമിക്കാൻ പോയ ധോണി തനിക്ക് എപ്പോൾ കളിക്കാൻ തോന്നുന്നോ അപ്പോൾ തിരിച്ചു വരും എന്നൊരു തോന്നൽ ഉണ്ടാക്കിയിരുന്നു. എന്നാൽ പിന്നീട് നടന്ന എല്ലാ പരമ്പരകളിലും ഒഴിവാക്കപ്പെട്ടപ്പോൾ മുകളിൽ പറഞ്ഞവരുടെ അനുഭവം അയാളുടെ കരിയറിലും നടക്കാൻ പോവുകയാണ് എന്ന് നേരത്തെ തന്നെ തോന്നിയിരുന്നു. ഒടുവിൽ ഗാലറിയെ നോക്കി കൈ വീശി യാത്ര പറയാൻ കഴിയാതെ പോയവരുടെ അതേ അനുഭവം അയാൾക്കും ഉണ്ടായി. ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അയാളുടെ കരിയർ അവസാനിച്ചു.

ധോണി ഒരേ സമയം വില്ലനുമായിരുന്നു ഹീറോയുമായിരുന്നു. ഒരുപാട് മികച്ച കളിക്കാരുടെ കരിയറിന്റെ അന്തകനായി എന്ന ചീത്തപ്പേര് പേറുമ്പോഴും രണ്ടു ലോകകപ്പ് അടക്കം മൂന്ന് ഐസിസി ട്രോഫികളും, വിദേശത്ത് ടെസ്റ്റ് പരമ്പരകളും മറ്റ് ഒട്ടനേകം വിജയങ്ങളുമായി എക്കാലത്തെയും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളായും മികച്ചൊരു ബാറ്റ്‌സ്മാൻ ആയും വിക്കറ്റിന് പിന്നിൽ കണ്ണടച്ചു തുറക്കുന്നതിലും വേഗത്തിലുള്ള അവിശ്വസിനീയമായ സ്റ്റമ്പിങ്ങുകളും ക്യാച്ചുകളുമായി എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പർമാരിൽ ഒരാളായും അയാൾ ഇതിഹാസങ്ങളുടെ ലിസ്റ്റിൽ ഇടം നേടി തന്നെയാണ് മടങ്ങുന്നത്.

ക്യാപ്റ്റൻ സ്ഥാനം കോഹ്‌ലിക്ക് കൈമാറിയ ശേഷവും പലപ്പോഴും സമ്മർദ്ദ ഘട്ടങ്ങളിൽ അയാളുടെ സാന്നിധ്യവും അനുഭവ സമ്പത്തും തന്നെയാണ് ടീമിനെ മുന്നോട്ട് നയിച്ചത്. കൈവിട്ടു പോയെന്ന് ഉറപ്പാക്കിയ പല മത്സരങ്ങളും അവസാന ഓവറിൽ അവിശ്വസിനീയമാം വിധം നമ്മൾ ജയിച്ചു കയറിയ അനുഭവങ്ങൾ ഒരുപാട് ഉണ്ട്.

അവസാന പന്ത് വരെയും പ്രതീക്ഷ കൈവിടാതെ പൊരുതാൻ പഠിപ്പിച്ചത് അയാളാണ്. ആത്മവിശ്വാസത്തിന്റെ മറ്റൊരു പേരാണ്. അയാളെ എനിക്ക് ഇഷ്ടമല്ല എന്നതിനൊപ്പം തന്നെ അയാളെ എനിക്ക് ഇഷ്ടമാണ്. അയാൾ നടപ്പിലാക്കിയ രീതിക്ക് വിപരീതമായി അയാൾക്ക് ഗ്രൗണ്ടിൽ വച്ചു തന്നെ യാത്ര പറയാൻ അവസരമുണ്ടാവണം എന്നാഗ്രഹിച്ചിരുന്നു. ഓക്കേ ബെയ്‌ മഹി.