കറുപ്പായതിൻ്റെ പേരിൽ കളിയാക്കിയതിനെ തുടർന്ന് ബിരുദ വിദ്യാർത്ഥി ജീവനൊടുക്കി

single-img
19 August 2020

നിറം കറുപ്പായതുകൊണ്ട് കൂട്ടുകാർ കളിയാക്കിയതിന്റെ വിഷമത്തിൽ സംസ്ഥാനത്ത് ബിരുദ വിദ്യാർത്ഥി ജീവനൊടുക്കി. തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് കൊപ്പം അരശുപറമ്പ് സരസ്വതിഭവനിൽ എസ്എസ് ആരതി(19) ആണ് മരിച്ചത്. കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് ആരതിയെ കണ്ടെത്തിയത്. 

നിറത്തെക്കുറിച്ചുള്ള അപകർഷതാബോധമാകാം അത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പൊലീസ് പറയുന്നത്. സ്വകാര്യ വാഹന ഡ്രൈവർ സതീഷ്കുമാറിന്റേയും സിന്ധുവിന്റേയും മകളാണ് ആരതി. 

കഴിഞ്ഞ ദിവസം വൈകിട്ട് അച്ഛനും അമ്മയും വീട്ടിലില്ലായിരുന്ന സമയത്താണ് ആരതി ഫാനിൽ കെട്ടിത്തൂങ്ങിയത്. ഇളയ സഹോദരി ആവണി ആ സമയത്ത് കുളിമുറിയിലായിരുന്നു. പുറത്തുവന്നപ്പോഴാണ് ഷാളിൽ തൂങ്ങിയ നിലയിൽ ആരതിയെ കണ്ടത്. ഫാനിലെ കെട്ടു മുറിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. 

ആരതി എഴുതിയ ആത്മഹത്യാ കുറിപ്പും കണ്ടെത്തി. നിറം കറുപ്പായതിനാൽ ആർക്കും തന്നോട് സ്നേ​ഹമില്ല എന്നാണ് ആത്മഹത്യാ കുറിപ്പിൽ ആരതി വ്യക്തമാക്കുന്നത്. അതേസമയം പഠിക്കാൻ മുടുക്കിയായിരുന്നു ആരതി എന്നാണ് അധ്യാപകർ പറയുന്നത്. സംഭവദിവസം രാവിലെ നടന്ന ഇം​ഗ്ലീഷ് ഓൺലൈൻ ക്ലാസിലും ആരിതി പങ്കെടുത്തിരുന്നുവെന്ന് അധ്യാപകർ പറയുന്നു.