കേന്ദ്രസര്‍ക്കാരിലെ ജോലികള്‍ക്ക് ഇനി ഒറ്റ പരീക്ഷ; ദേശീയ റിക്രൂട്ട്‌മെന്റ് ഏജന്‍സിക്ക് രൂപം നല്‍കി

single-img
19 August 2020

ഇനിമുതൽ കേന്ദ്രസര്‍ക്കാരിനുകീഴിലെ ജോലികള്‍ക്ക് പൊതു യോഗ്യതാ പരീക്ഷ നടത്താനുള്ള നിര്‍ദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. അതിനുവേണ്ടി ദേശീയ റിക്രൂട്ട്‌മെന്റ് ഏജന്‍സിക്ക് രൂപം നല്‍കിയതായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിക്കുകയും ചെയ്തു.

കേന്ദ്ര സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇത്തരത്തിലൊരു നിര്‍ദ്ദേശം ആദ്യമായി മുന്നോട്ട് വെച്ചിരുന്നു. രാജ്യത്തെ ജോലി തേടുന്ന യുവാക്കള്‍ക്ക് വലിയ നേട്ടമാണ് പുതിയ തീരുമാനം എന്ന് മന്ത്രി പറഞ്ഞു.

കേന്ദ്രത്തിലെ നോണ്‍ ഗസറ്റഡ് തസ്തികകളിലേയ്ക്കുളള നിയമനമാണ് പുതിയ ദേശീയ റിക്രൂട്ട്‌മെന്റ് ഏജന്‍സി നടത്തുകയെന്നും മന്ത്രി അറിയിച്ചു. ഇതുവഴി 2.5 കോടി വിദ്യാര്‍ത്ഥികള്‍ക്കാണ് തീരുമാനം ഗുണം ചെയ്യുക എന്നാണ് പ്രതീക്ഷ.

ഇപ്പോള്‍ രാജ്യത്തെ വിവിധ തസ്തികകളിലേയ്ക്കുള്ള നിയമനത്തിന് പ്രത്യേകം പരീക്ഷകള്‍ നടത്തുന്നതാണ് ചെയ്യുന്നത്.ഇങ്ങിനെ ഒന്നിലധികം പരീക്ഷകള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. അത്തരമൊരു സാഹര്യത്തിലാണ് ഈ പുതിയ തീരുമാനമെന്നും മന്ത്രി അറിയിച്ചു.കേന്ദ്രത്തിന് കീഴില്‍ പ്രതിവര്‍ഷം ശരാശരി ഒന്നേകാല്‍ ലക്ഷം സര്‍ക്കാര്‍ ഒഴിവുകളിലേയ്ക്കാണ് ഇപ്പോള്‍ നിയമനം നടക്കുന്നത്.ഇനിമുതല്‍ ദേശീയ റിക്രൂട്ട്‌മെന്റ് ഏജന്‍സി നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷയ്ക്ക് മൂന്ന് വര്‍ഷം വരെ റാങ്ക് ലിസ്റ്റിന് കാലാവധി ഉണ്ടായിരിക്കും.