വടക്കാഞ്ചേരി ഭവന പദ്ധതിയുടെ യുണിടാക് കമ്മീഷനിൽ 75 ലക്ഷം പോയത് സന്ദീപ് നായരുടെ അക്കൗണ്ടിലേക്ക്; കൈമാറ്റം നടന്നത് ശ്രീറാം വെങ്കിട്ടരാമന്റെ കാർ ഇടിച്ച് കെഎം ബഷീര്‍ കൊല്ലപ്പെട്ട ദിവസം

single-img
19 August 2020

വടക്കാഞ്ചേരി ഭവന പദ്ധതിക്ക് വേണ്ടി യുണിടാക് നല്‍കിയ കമ്മീഷനായ 4 കോടി 25 ലക്ഷം രൂപയില്‍ 75 ലക്ഷം രൂപ പോയത് തിരുവനന്തപുരം സ്വർണക്കടത്തു കേസിലെ പ്രതിയായ സന്ദീപ് നായരുടെ അക്കൗണ്ടിലേക്ക്. ഈ തുകയില്‍ മൂന്നര കോടി രൂപ ഡോളറും ബാക്കി രൂപയുമായി 2019 ആഗസ്റ്റ് രണ്ടിന് കവടിയാറിലെ കഫേ കോഫി ഡേയ്ക്ക് സമീപത്ത് വച്ചാണ് കൈമാറ്റം നടന്നത് എന്ന് കൈരളി റിപ്പോര്‍ട്ട് ചെയ്യുന്നു.

സോഷ്യല്‍ മീഡിയയായ ഫേസ്ബുക്കിലെ പോസ്റ്റുകളിൽ സന്ദീപ് പ്രകടമാക്കിയിരിക്കുന്നത് ബിജെപി അനുഭാവമായിരുന്നു. തിരുവനന്തപുരം മണ്ഡലം പ്രസിഡന്‍റും കൗൺസിലറുമായ എസ് കെ പി രമേശിന്റെ ഡ്രൈവറായി ഏറെക്കാലം സന്ദീപ് ജോലി ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഈ പണം കൈപറ്റിയത് കോണ്‍സുലേറ്റിലെ ഈജിപ്ഷ്യന്‍ പൗരനായ ഖാലിദാണ്. ഇയാള്‍ വന്നത് കോണ്‍സുലേറ്റിന്റെ ഔദ്യോഗിക വാഹനത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിര്‍ദിഷ്ട കോണ്‍സുലേറ്റ് നിര്‍മാണ കരാര്‍ നല്‍കാമെന്ന പേരിലാണ് ഇത്രയും വലിയ തുക കമ്മീഷന്‍ നല്‍കിയത് എന്ന് കെെരളി ന്യൂസ് എഡിറ്റര്‍ ജോണ്‍ ബ്രിട്ടാസ് നയിക്കുന്ന ന്യൂസ് n വ്യൂസ് പരിപാടിയില്‍ പറഞ്ഞു.

അതേദിവസം തന്നെയാണ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ ശ്രീറാം സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെടുന്നതും. അപകടം നടന്ന പിന്നാലെ തന്നെ ശ്രീറാമിനെ രക്ഷിക്കാൻ ഉന്നതതലത്തിൽ ശ്രമമുണ്ടായതായി ആക്ഷേപമുയർന്നിരുന്നു. അപകടം ഉണ്ടാക്കിയ വാഹനം ഓടിച്ചിരുന്നത് ശ്രീറാം ആണെന്നും മദ്യലഹരിയിലായിരുന്നെന്നും ദൃക്സാക്ഷികൾ മൊഴി നൽകിയിരുന്നു. എന്നാൽ കേസെടുക്കാൻ ആദ്യഘട്ടത്തിൽ പോലീസ് തയാറായില്ല.

അതേപോലെ തന്നെ, അപകടശേഷം കെഎം ബഷീറിന്റെ ഫോണ്‍ കാണാതായത് ദുരൂഹത ഉയര്‍ത്തിയിരുന്നു.
അപകടം നടക്കുന്ന സമയം ബഷീറിന്റെ കൈയില്‍ ഫോണുണ്ടായിരുന്നു. അപകടത്തിന് ശേഷവും ഈ ഫോണില്‍ നിന്ന് വിളി പോയിട്ടുണ്ട്. വാഹനാപകടം ഉണ്ടാവാനുള്ള യഥാര്‍ത്ഥ കാരണം ഈ ഫോണിലുണ്ടെന്ന് അപ്പോള്‍ തന്നെ സംശയം ഉയര്‍ന്നിരുന്നു.

ഈ കേസിന്റെ പ്രാഥമികാന്വേഷണത്തില്‍ മ്യൂസിയം പോലീസിന് ഗുരുതരവീഴ്ച സംഭവിച്ചതായി കണ്ടെത്തുകയും ഇതെത്തുടര്‍ന്ന് മ്യൂസിയം എസ്‌ഐ ജയപ്രകാശിനെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഈ അപകടത്തെ പറ്റി വ്യക്തിപരമായി നടത്തിയ അന്വേഷണത്തിൽ, ബഷീറിന്റെ മരണം കൂടുതൽ സംശയങ്ങളുണർത്തുന്നുണ്ടെന്നും അദ്ദേഹം ഉപയോഗിച്ചിരുന്ന സ്മാർട്ട്‌ഫോൺ കണ്ടെടുക്കുകയാണെങ്കിൽ പുതിയ രഹസ്യങ്ങളുടെ ചുരുളഴിയുമെന്നും ഒരു അഭിമുഖത്തിൽ റിട്ട. പൊലീസ് സൂപ്രണ്ട് ജോർജ് ജോസഫ് പറഞ്ഞിരുന്നു.

‘ബഷീര്‍ ജോലി ചെയ്തിരുന്ന സിറാജ് പത്രത്തിന്റെ ഓഫീസ് കവടിയാർ ജംഗ്ഷനിലാണ്. കെഎം ബഷീർ കൊല്ലത്തുനിന്ന് മടങ്ങിയെത്തി നേരെ പോയത് ഈ ഓഫീസിലേക്കാണ്. അവിടെ അരമണിക്കൂറോളം അദ്ദേഹം അവിടെ നിന്നു. സിറാജ് പത്രത്തിന്റെ ഓഫീസിൽ നിന്നാൽ കവടിയാർ ജംഗ്ഷൻ വ്യക്തമായി കാണാം. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ ശ്രീറാമിനെ പോലെ പ്രസിദ്ധനായ ഒരു വ്യക്തിയെ ആ സമയത്ത് അവിടെ കണ്ടത് ബഷീർ ശ്രദ്ധിച്ചിട്ടുണ്ടാകും. അര്‍ദ്ധ രാത്രി ഒരുമണി സമയത്ത് അത് കാണുമ്പോൾ ഒരു പത്രപ്രവർത്തകൻ സ്വാഭാവികമായും ഫോട്ടോ എടുക്കും. അല്ലെങ്കിൽ, നമ്പർ നോട്ട് ചെയ്യും. അത് ഉണ്ടായിട്ടുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അത് കഴിഞ്ഞും ബഷീർ ബൈക്ക് ഓടിച്ച് ബഷീർ മുന്നോട്ടുപോയിട്ടുണ്ടെങ്കിൽ കാർ അതിനെ പിന്തുടർന്നത് തന്നെയാണെന്ന് ഞാൻ വിശ്വസിക്കുന്നു’. – എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.