പെട്രോളും ഡീസലും വേണ്ട; ഇലക്ട്രിക് മോട്ടോർ‌സൈക്കിളുകൾ‌ വികസിപ്പിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ്

single-img
19 August 2020

റോയല്‍ എന്‍ഫീല്‍ഡ് പ്രേമികള്‍ ഇനി പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനവിനെ പേടിക്കേണ്ട. കാരണം, പെട്രോളോ ഡീസലോ വേണ്ടാത്ത ഇലക്ട്രിക് മോട്ടോർ‌സൈക്കിളുകൾ‌ വികസിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. ഇതിനായി തങ്ങള്‍ ഇലക്ട്രിക് മോട്ടോർസൈക്കിളുകളുടെ പ്രോട്ടോടൈപ്പുകൾ കമ്പനി ഉണ്ടാക്കിയിട്ടുണ്ടെന്നും അവ ഉടൻ തന്നെ ഇവ വിപണിയിൽ എത്തിയേക്കുമെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഏതാനും വര്‍ഷങ്ങളായി തങ്ങൾ ചിന്തിക്കുന്ന കാര്യമാണ് ഇലക്ട്രിക് വാഹന വിപണിയെന്നും തങ്ങൾക്ക് അനുയോജ്യമായ സെഗ്മെന്റ് ഇതിനായി ഏതെന്ന് കൃത്യമായി കണ്ടെത്താനുള്ള ശ്രമത്തിലാണ് കമ്പനി എന്നുമാണ് വിവരം.ഭാവി വിപണിയില്‍ കമ്പനി വളരെ ഗൗരവമായി കാണുന്ന ഒന്നാണ് ഇലക്ട്രിക് വിഭാഗമെന്നും ഇലക്ട്രിക് മൊബിലിറ്റി വരുമോ ഇല്ലയോ എന്നതിനെക്കുറിച്ചല്ല ഇത് എപ്പോൾ എന്ന ചോദ്യമാണ് നിലവിൽ ഉയർന്നു വരുന്നത് എന്നും റോയൽ എൻഫീൽഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ വിനോദ് ദസാരി പറഞ്ഞു.

തങ്ങള്‍ ഇപ്പോള്‍ ചില പ്രോട്ടോടൈപ്പുകൾ‌ ഉണ്ടാക്കിയാതായും, അവയുടെ നിരവധി സെഗ്‌മെന്റുകൾ‌ പരിശോധിച്ചു വരികയാണെന്നും അടുതുതന്നെ ഇലക്ട്രിക് മോഡലുകൾ തങ്ങളുടെ വാഹന നിരയിൽ ചേർ‌ക്കും എന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ മുന്‍ നിര ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോർകോർപ്പ്, ബജാജ്, ടിവിഎസ്, സുസുക്കി, യമഹ എന്നിവ ഇതുവരെ രാജ്യത്തെ വിപണിയിൽ ഒരു ഇലക്ട്രിക് മോട്ടോർസൈക്കിൾ പുറത്തിറക്കിയിട്ടില്ലെങ്കിലും ബജാജ്, ഹീറോ ഇലക്ട്രിക് എന്നിവയിൽ നിന്ന് ഇലക്ട്രിക് സ്‍കൂട്ടറുകൾ നിലവില്‍ വിപണിയില്‍ ലഭിക്കും.