ഡിസംബറിൽ സ്കൂൾ തുറന്നാൽ…, ശേഷമുള്ള പഠനക്രമം ഇങ്ങനെ

single-img
19 August 2020

കോവിഡ് വെെറസ് ബാധയുടെ വ്യാപനം മൂലം ഏറ്റവും കൂടുതൽ താളം തെറ്റിയത് വിദ്യാഭ്യാസരംഗമാണ്. 2021ലെ ഏപ്രിൽ, മേയ് മാസങ്ങളിലെ മധ്യവേനൽ അവധി കൂടി ഇക്കൊല്ലത്തെ അധ്യായനത്തിനും, വാർഷിക പരീക്ഷകൾക്കുമായി ക്രമീകരിക്കാൻ സർക്കാർ ആലോചിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. നിലവിലെ സാഹചര്യങ്ങൾ അനുസരിച്ച് സ്കൂളുകൾ എപ്പോൾ തുറക്കുമെന്ന് പറയാനാകാത്ത സ്ഥിതിയാണ്. അതേസമയം സ്‌കൂളുകൾ ഡിസംബറിൽ തുറക്കാനായാലാണ് വേനൽ അവധി മാസങ്ങൾ പ്രയോജനപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നതും. അതിനുശേഷവും വൈറസ് വ്യാപനം ഉണ്ടാവുകയാണെങ്കിൽ ഈ തീരുമാനത്തിനും മാറ്റമുണ്ടായേക്കും. 

ഡിസംബർ മുതൽ ഏപ്രിൽ വരെ ശനിയാഴ്ചകളിൽ ഉൾപ്പെടെ തുടർച്ചയായി അഞ്ച് മാസം സ്‌കൂളിൽ അധ്യായനം നടത്തണം. ഇപ്പോൾ നടക്കുന്ന ഓൺലൈൻ ക്ലാസുകളുടെ തുടർച്ചയായി ബാക്കി പാഠഭാഗങ്ങൾ അതിനകം പരമാവധി പഠിപ്പിച്ചു തീർക്കാനാവും എന്നാണ് കണക്കാക്കുന്നത്. ഒമ്പതാം ക്ലാസ് വരെയുള്ള സ്കൂൾ വാർഷിക പരീക്ഷകൾ മേയ് പകുതിയോടെയും, എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മേയ് അവസാനത്തോടെയും പൂർത്തിയാക്കാം. എന്നിങ്ങനെയാണ് സർക്കാർ ആലോചിക്കുന്ന വഴികൾ. 

ചുരുക്കത്തിൽ വരും നാളുകളിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും പിടിപ്പതു ജോലിയായിരിക്കുമെന്നു സാരം. വിചാരിച്ചതു പോലെ കാര്യങ്ങൾ നടക്കുകയാണെങ്കിൽ എസ്എസ്എൽസി,​ പ്ലസ് ടു പരീക്ഷാഫലം ജൂൺ 15 നകം പ്രസിദ്ധീകരിക്കാനും, ജൂലായിൽ പ്ലസ് വൺ,​ ഡിഗ്രി പ്രവേശനം പൂർത്തിയാക്കാനും കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നതും. 

ഇതിലൂടെ അടുത്ത അധ്യായന വർഷത്തെ  ബാധിക്കാതെ തന്നെ ജൂൺ പകുതിയോടെ സ്കൂളുകൾ തുറക്കാൻ കഴിഞ്ഞേക്കും. ഡിസംബറിൽ സ്കൂളുകൾ തുറക്കാനായില്ലെങ്കിൽ മാത്രം സിലബസ് വെട്ടിക്കുറക്കാം എന്നാണ് സർക്കാരിൻ്റെ നിലപാട്. നിലവിൽ ഓൺലൈൻ ക്ലാസുകൾ വഴി പാഠഭാ​ഗങ്ങൾ പൂർത്തിയാക്കാൻ കാലതാമസമുണ്ടെന്നുള്ള വസ്തുതയാണ് സിലബസ് വെട്ടിക്കുറക്കുന്നതിലേക്ക് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്.