വഴിയോര മീൻകച്ചവടത്തിന് സംസ്ഥാനത്ത് വീണ്ടും വിലക്ക്

single-img
19 August 2020

കോവിഡ് പ്രതിരോധത്തിന്റെ ഭാ​ഗമായി സംസ്ഥാനത്ത് വഴിയോര മീൻ കച്ചവടത്തിന് വീണ്ടും വിലക്കേർപ്പെടുത്തി സർക്കാർ. വഴിയോരക്കച്ചവടം നടത്തുന്ന കച്ചവടക്കാർ തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മാർക്കറ്റുകളിലേക്ക് മാറണമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. തദ്ദേശവകുപ്പുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ചന്തകൾ തുറക്കാനും തീരുമാനമായി.

കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായാണ് നിർദേശം അവതരിപ്പിച്ചിരിക്കുന്നത്. ഏതെങ്കിലും സ്ഥലത്ത് പുതുതായി വിപണന കേന്ദ്രം വേണമെങ്കിൽ ഗ്രാമ-ബ്ലോക്ക്-പഞ്ചായത്തുകൾക്ക് സാഹചര്യം വിലയിരുത്തി തീരുമാനമെടുക്കാം. ഏതെങ്കിലും ചന്തകൾ തുറക്കുന്നില്ലെങ്കിൽ അക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും മന്ത്രി അറിയിച്ചു.

അതേസമയം ഒരു മാസത്തിൽ ഏറെയായി അടഞ്ഞു കിടക്കുന്ന ചമ്പക്കര മത്സ്യ മാർക്കറ്റ് തുറക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് വ്യക്തമായ നടപടി ക്രമങ്ങളുടെ അടിസ്ഥാനത്തിൽ ഈ ആഴ്ച തന്നെ മാർക്കറ്റ് തുറക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്. കൊച്ചി കോർപ്പറേഷന്റെ മേൽനോട്ടത്തിൽ ഹെൽത്ത്, പൊലീസ്, റവന്യൂ വകുപ്പുകളും മാർക്കറ്റ് പ്രതിനിധികളും ഉൾപ്പെട്ട സമിതിയാണ് മാർക്കകറ്റ് തുറന്നു പ്രവർത്തിക്കുമ്പോൾ അവശ്യമായ നടപടിക്രമങ്ങൾ ഒരുക്കുക.