സ്വതന്ത്ര ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര വിമാനതാവളമായ തിരുവനന്തപുരം സ്വകാര്യവത്ക്കരിച്ചത് പകല്‍കൊള്ള: കടകംപള്ളി

single-img
19 August 2020

1935 ല്‍ ആരംഭിച്ച തിരുവനന്തപുരം വിമാനത്താവളം, സ്വതന്ത്ര ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര വിമാനത്താവളമാണ്. അങ്ങനെ ചരിത്രത്തിന്റെ ഭാഗമായ വിമാനത്താവളത്തെ സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തള്ളിക്കളഞ്ഞ് അദാനി ഗ്രൂപ്പിനെ ഏല്‍പ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചെന്ന വാര്‍ത്ത അമ്പരപ്പിക്കുന്നതാണ് എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വിമാനത്താവളം 50 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിന് തീറെഴുതി നല്‍കുന്നതിന് തീരുമാനിച്ചതായി വന്നിരിക്കുന്ന വാര്‍ത്ത ശരിയാണെങ്കില്‍ അത് പകല്‍കൊള്ളയാണെന്നതില്‍ സംശയമില്ല എന്ന് അദ്ദേഹം പറഞ്ഞു.

ചരിത്രത്തിന്റെ ഭാഗമായ വിമാനത്താവളത്തെയാണ് സ്വകാര്യ വ്യക്തികള്‍ക്ക് യാതൊരു മനസാക്ഷി കുത്തുമില്ലാതെ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിരിക്കുന്നത്. 170 കോടി രൂപ വാര്‍ഷിക ലാഭം നേടുന്ന വിമാനത്താവളമാണ് തിരുവനന്തപുരത്തേത് എന്നത് ഓര്‍ക്കണം. കോടികളുടെ അഴിമതി ഇടപാട് ഈ വിറ്റഴിക്കലിന് പിന്നിലുണ്ടെന്ന ആരോപണങ്ങള്‍ നിസ്സാരമല്ല എന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.

തിരുവനന്തപുരം വിമാനത്താവളത്തിന് നിലവില്‍ ഉണ്ടായിരുന്ന സ്ഥലത്തിന് പുറമെ കാലാകാലങ്ങളില്‍ ആവശ്യമായി വന്ന ഭൂമി സംസ്ഥാന സര്‍ക്കാര്‍ 5 ഘട്ടങ്ങളിലായി വാങ്ങി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കൈമാറിയിട്ടുണ്ട്. ഇപ്പോൾ 635 ഏക്കര്‍ സ്ഥലമാണ് വിമാനത്താവളത്തിനുള്ളത്. ഇതുകൂടാതെ ഇപ്പോള്‍ 18 ഏക്കര്‍ സ്ഥലം കൂടി വിമാനത്താവള വികസനത്തിനായി വാങ്ങി നല്‍കുന്നതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിവരികയാണ്.

ഈ ഭൂമിയെല്ലാമടക്കം വിമാനത്താവളം സ്വകാര്യലോബികള്‍ക്ക് കൈമാറാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമുണ്ടാകേണ്ടതുണ്ട്. പുതിയ ടെര്‍മിനലിനായി എയര്‍പോര്‍ട്ട് അതോറിറ്റി 600 കോടി രൂപ നീക്കിവെച്ചിരുന്ന സാഹചര്യത്തിലാണ് ഈ വില്‍പ്പനയെന്നത് എത്ര വലിയ അട്ടിമറിയാണ് ഇക്കാര്യത്തില്‍ ഉണ്ടായതെന്ന് വ്യക്തമാക്കുന്നതാണ്. വിമാനത്താവള വികസനത്തെയാകെ തുരങ്കം വെച്ച്, ആയിരത്തിലേറെ ജീവനക്കാരുടെ ജോലി തന്നെ തുലാസിലാക്കുകയാണ് കേന്ദ്രം ചെയ്തിരിക്കുന്നത് എന്ന് മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തള്ളിക്കളഞ്ഞ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിനെ ഏല്‍പ്പിക്കുന്നതിന്…

Posted by Kadakampally Surendran on Wednesday, August 19, 2020