‘ഭരണം എന്നാല്‍ പോലീസിനെവിട്ട് പേടിപ്പിക്കുകയാണെന്ന് തെറ്റിദ്ധരിച്ച മുഖ്യമന്ത്രി അറിയുക’ പിണറായിക്കെതിരെ ജോയ് മാത്യു

single-img
19 August 2020

മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ആര്‍കിടെക്ട് ശങ്കറിന് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ലഭിക്കാനുളള കുടിശ്ശികയുമായി ബന്ധപ്പെട്ടാണ് ജോയ്മാത്യുവിന്റെ വിമര്‍ശനം. നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാക്കിയിട്ടും വിവിധ വകുപ്പുകളില്‍ നിന്ന് പണം ലഭിക്കാത്തതുകാരണം വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ശങ്കര്‍ പറഞ്ഞിരുന്നു. ജോലികള്‍ പൂര്‍ത്തിയാക്കി വര്‍ഷങ്ങളും മാസങ്ങളും കഴിഞ്ഞിട്ടും പണം ലഭിക്കാത്തത് ദുഃഖകരമാണെന്നും കോവിഡ് പ്രതിസന്ധിയില്‍ പിടിച്ചുനില്‍ക്കാനുളള ശ്രമത്തിലാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.

പാവപ്പെട്ടവര്‍ക്ക് പാര്‍പ്പിടം എന്ന സങ്കല്പം യാഥാര്‍ഥ്യമാക്കിയ വ്യക്തിയാണ് ശങ്കറെന്നും മുഖ്യമന്ത്രിയുടെ കീഴിലുളള ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളുടെ കാരുണ്യരഹിതമായ പ്രവൃത്തിമൂലം സ്ഥാപനം മുടിയുകയാണെന്നും തൊഴിലാളികള്‍ ആത്മഹത്യയെപ്പറ്റി ചിന്തിക്കുകയാണെന്നും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ജോയ്മാത്യു രൂക്ഷമായി കുറ്റപ്പെടുത്തി. വാര്‍ത്താസമ്മേളനത്തില്‍ സര്‍ക്കാരിന്റെ നേട്ടങ്ങളെ എണ്ണിയെണ്ണി പറയുന്ന മുഖ്യമന്ത്രിയോട് ഒന്നും എണ്ണിയെണ്ണിപ്പറയേണ്ട, ജനങ്ങള്‍ എണ്ണിയെണ്ണി ചോദിച്ചുകൊള്ളും എന്ന മുന്നറിയിപ്പും ജോയ്മാത്യു നല്‍കുന്നുണ്ട്.

കുറിപ്പിന്റെ പൂർണരൂപം ;
ഒന്നും എണ്ണിയെണ്ണിപ്പറയേണ്ട
ജനങ്ങൾ എണ്ണിയെണ്ണി ചോദിച്ചുകൊള്ളും

സ്വർണ്ണവും സ്വപ്നയും വിഹരിക്കുന്ന അധികാരത്തിന്റെ ഇടനാഴികളിൽ കണ്ണ് മഞ്ഞളിച്ചു നിൽക്കുകയാണ് മലയാളി.
ഇത്രയും പറയാൻ കാര്യം ,ഇന്നലെ രാത്രി എന്റെ കാഴ്ചയിൽ തടഞ്ഞ ദുഖകരമായ ഒരു വീഡിയോ ആണ്.
കേരളത്തിലെ എന്നല്ല ലോകത്ത് തന്നെ അറിയപ്പെടുന്ന ഒരു ആർക്കിടെക്ടാണ് ശങ്കർ.ചെലവ് കുറഞ്ഞ കെട്ടിട നിർമ്മാണ പദ്ധതികളുടെ അമരക്കാരൻ. മെട്രോ ശ്രീധരനെപ്പോലെ ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന പാവപ്പെട്ടവർക്ക് പാർപ്പിടം എന്ന സങ്കല്പം യാഥാർഥ്യമാക്കിയ ആൾ .
മാറി മാറി വന്ന ഗവർമ്മന്റുകൾക്കെല്ലാം സ്വീകാര്യനായ ശങ്കറിന്റെ നേതൃത്വത്തിലുള്ളതും ലാഭേച്ഛകൂടാതെ പ്രവർത്തിക്കുന്ന ഹെബിറ്റാറ്റ് ഗ്രൂപ്പ് പാവപ്പെട്ടവർക്കായി ആയിരക്കണക്കിന് വീടുകളാണ് വിവിധ പ്രോജക്ടുകളുടെ ഭാഗമായി നിർമ്മിച്ച് നൽകിയിട്ടുള്ളത്.കൂടാതെ ഗവർമെന്റിന്റെ തന്നെ വിവിധ കെട്ടിടങ്ങൾ ഏറ്റവും ചെലവ് കുറച്ചും കാലാവസ്ഥാനയോജ്യമായ രീതിയിലും,പരിസ്ഥിതിക്കിണങ്ങുന്ന രീതിയിലും നിർമ്മിച്ച് നൽകി ലോകശ്രദ്ധ നേടിയ, ഇന്ത്യാ ഗവർമെന്റ് പതമശ്രീ നൽകി ആദരിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ ഇന്നത്തെ അവസ്ഥ അതി ദയനീയമാണ് എന്ന് നമ്മൾ അറിയുക .
ഭരണം എന്നാൽ പോലീസിനെവിട്ട് പേടിപ്പിക്കുകയാഴ്ണെന്ന് തെറ്റിദ്ധരിച്ച മുഖ്യമന്ത്രി അറിയുക, താങ്കളുടെ കീഴിലുള്ള ഏതാനും ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളുടെ കാരുണ്യരഹിതമായ പ്രവൃത്തിമൂലം ഒരു സ്ഥാപനം മുടിയുന്നു ,തൊഴിലാളികൾ ആത്മഹത്യയെപ്പറ്റി ചിന്തിക്കുന്നു .
യോഗ്യതയില്ലാത്ത കമ്പനികൾക്ക് കാരാർ നേടിക്കൊടുത്ത് കോടികൾ കമ്മീഷൻ പറ്റുന്ന സ്വപ്ന സുന്ദരികളില്ലാത്തതതിനാലാവാം ശങ്കർ എന്ന പ്രതിഭാശാലി പണിമുഴുമിപ്പിച്ച ഗവർമെന്റ് കെട്ടിടങ്ങളുടെ പണിക്കൂലിയായ കോടിക്കണക്കിനു രൂപ കുടിശ്ശിഖയാക്കിയത് .
ശങ്കറിന്റേത് ഒരു ഒറ്റപ്പെട്ട സംഭാവമല്ല എന്നുകൂടി അറിയുക .കോവിഡ് വിതച്ച ദുരിതത്തിലാണെങ്കിലും മനുഷ്യർക്ക് ഭക്ഷണമെങ്കിലും ഈ ഓണക്കാലത്ത് കഴിക്കണ്ട സാർ ?
അല്ലാതെ അദ്ദേഹത്തെയും ആ സ്ഥാപനത്തിലെ തൊഴിലാളികളെയും പാതാളത്തിലേക്ക് ചവുട്ടിത്തതാഴ്ത്തുന്ന വാമനൻ ആകരുത് താങ്കൾ എന്നുകൂടി അപേക്ഷിക്കട്ടെ .

അധികാരത്തിൽകയറിയപ്പോൾ
“ഓരോ ഫയലിന് പുറകിലും ഒരു ജീവിതമുണ്ട് ” എന്നൊക്കെ വലിയ ഡയലോഗ് ഒക്കെ കാച്ചിയിരുന്നല്ലോ
പക്ഷെ ഫയലിന്റെ പുറകിൽ ജീവിതമല്ല കൈക്കൂലി കാത്തിരിക്കുന്ന ഉദ്യോഗസ്ഥന്മാരാണെന്ന് ഓരോ കേരളിയനും ഇപ്പോൾ മനസ്സിലാക്കിക്കൊണ്ടിരിക്കയാണ്.
അതിനാൽ ഒന്നും എണ്ണിയെണ്ണിപ്പറയേണ്ട
ജനങ്ങൾ എണ്ണിയെണ്ണി ചോദിച്ചുകൊള്ളും