വെല്ലുവിളി ഉയർത്തി കൊറോണ, താപനില പരിശോധന പരാജയമെന്ന് വിദഗ്ധർ

single-img
19 August 2020

ലോകത്തെ ഭീതിപ്പെടുത്തി കൊണ്ട് കോവിഡെന്ന മഹാമാരി മുന്നേറുകയാണ്. കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി ഉയരുന്നതും, കോവിഡ് ബാധിതരെ കണ്ടെത്താൻ അത്ര കണ്ട് എളുപ്പമല്ലാത്ത സാഹചര്യവുമൊക്കെ വലിയ വെല്ലുവിളി ഉയർത്തുകയാണ്. ജോലിസ്ഥലത്തും മറ്റു സ്ഥാപനങ്ങളിലും കയറുന്നതിന് മുൻപ് താപനില പരിശോധിക്കുന്നത് ഇപ്പോള്‍ എവിടെയും കാണാൻ സാധിക്കും . കോവിഡിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ട് അവതരിപ്പിച്ചിട്ടുള്ള താപനില അളന്നതിന് ശേഷം മാത്രം പ്രവേശനം ഉറപ്പാക്കുന്ന രീതിക്ക് നിരവധി പോരായ്മകളുണ്ടെന്നാണ് ഇപ്പോൾ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. അമേരിക്കന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആൻഡ് ഇന്‍ഫെക്ഷസ് ഡിസീസസ് ഡയറക്ടര്‍ ഡോ. ആന്റണി ഫൗസിയാണ് താപനില പരിശോധിക്കുന്നതിന് പൂര്‍ണമായും വിശ്വാസത്തിലെടുക്കാനാവില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

വാള്‍ട്ടര്‍ റീഡ് മെഡിക്കല്‍ സെന്ററുമായി നടത്തിയ ഫെയ്സ്ബുക് ലൈവ് ബ്രോഡ്കാസ്റ്റിനിടെയാണ് ഫൗസി ശരീര താപനില പരിശോധിക്കുന്നതിലെ പാളിച്ചകള്‍ ചൂണ്ടിക്കാണിച്ചത്. ഇന്‍ഫ്രാറെഡ് രശ്മികള്‍ ഉപയോഗിച്ചുള്ള ഉപകരണങ്ങള്‍ വെച്ച് ശരീര താപനില പരിശോധിക്കുന്നത് പിഴക്കാന്‍ സാധ്യത ഏറെയാണെന്നാണ് അദ്ദേഹം പറയുന്നത്. ചൂടുള്ള കാലാവസ്ഥയില്‍ തുറന്ന അന്തരീക്ഷത്തില്‍ വരുന്നവരില്‍ താപനില ഉയര്‍ന്നിരിക്കാന്‍ സാധ്യത ഏറെയാണെന്നും ഫൗസി പറയുന്നു. തന്റെ ശരീര താപനില പോലും ചൂടുള്ള അന്തരീക്ഷത്തില്‍ വന്ന ശേഷം പരിശോധിച്ചപ്പോള്‍ 103 ആയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊതുഗതാഗത സംവിധാനങ്ങളില്‍ അണുനാശിനികള്‍ തളിക്കുന്നതും അണുനാശിനി ഷവറുകള്‍ക്കുള്ളിലൂടെ കടന്നുപോകുന്നതുമെല്ലാം പലയിടത്തും കോവിഡിനെതിരെ പ്രയോഗിച്ചിരുന്നെങ്കിലും ഇത്തരം പ്രവർത്തികളെയും വിദഗ്ധര്‍ വിമര്‍ശിച്ചിരുന്നു. കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ഇത് ഫലം ചെയ്യുമെന്ന് തെളിഞ്ഞിട്ടില്ല എന്നതായിരുന്നു വിമര്‍ശനത്തിന്റെ കാരണം . ഇത്തരം സംവിധാനങ്ങള്‍ തന്നെ അപകടം വിതക്കുമെന്നതും വിമര്‍ശകര്‍ ഓര്‍മിപ്പിക്കുന്നു. കൊറോണവൈറസ് ബാധിച്ച എല്ലാവര്‍ക്കും പനിയെന്ന ലക്ഷണം ഉണ്ടാവില്ലെന്നതും ശരീരോഷ്മാവ് പരിശോധിച്ച് ആളുകളെ നിയന്ത്രിക്കുന്നതിന്റെ ന്യൂനതയാണ്. പനിയില്ലാത്ത എന്നാല്‍ കൊറോണ ബാധിച്ച ആളുകള്‍ ശരീരോഷ്മാവ് പരിശോധിക്കുന്ന കടമ്പ മറികടക്കാനും രോഗം പകര്‍ത്തുന്നതിന് കാരണമാകാനും സാധ്യത ഏറെയാണ്.

അതേസമയം ഫെബ്രുവരിയില്‍ ചൈനയില്‍ ഏതാണ്ട് 1.10 കോടിയോളം പേരോട് പ്രതിദിനം ശരീരോഷ്മാവ് രേഖപ്പെടുത്തി അറിയിക്കണമെന്ന് അധികൃതര്‍ തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് ഫലം ചെയ്യുന്നില്ലെന്ന് കണ്ടതോടെ ചൈനീസ് അധികൃര്‍ ഈ നടപടി അവസാനിപ്പിക്കുകയായിരുന്നു. കോവിഡ് ബാധയുള്ള ചിലരെ ഇത്തരം ശരീരോഷ്മാവ് പരിശോധനകളിലൂടെ തിരിച്ചറിയാനാകും. എന്നാല്‍ മറ്റുചിലരെ ഈ പരിശോധനയില്‍ തിരിച്ചറിയാനാവില്ല. ഹൈപ്പര്‍മാര്‍ക്കറ്റുകളും തീം പാര്‍ക്കുകളും ഷോപ്പിങ് മാളുകളും ആശുപത്രികളും പോലുള്ള സംവിധാനങ്ങളില്‍ പലയിടത്തും ശരീരോഷ്മാവ് പരിശോധിക്കുന്നത് പല മാര്‍ഗങ്ങളുപയോഗിച്ചാണ്. ഇന്‍ഫ്രാറെഡ് ക്യാമറകള്‍ക്കൊപ്പം ആളുകളെ കൂട്ടമായി ശരീരോഷ്മാവ് പരിശോധിക്കുന്ന ക്രൗഡ് സ്‌കാനിംങ് ക്യാമറകളും ഉപയോഗിക്കുന്നുണ്ട്. ഇത്തരം സംവിധാനങ്ങള്‍ക്കെല്ലാം നാവിനടിയില്‍ തെര്‍മോമീറ്റര്‍ വെച്ച് ഊഷ്മാവ് അളക്കുന്ന സംവിധാനത്തേക്കാള്‍ കാര്യക്ഷമത കുറവാണെന്നും വിദഗ്ധര്‍ ഓര്‍മിപ്പിക്കുന്നു.