പെരിയ ഇരട്ട കൊലപാതകം; അന്വേഷണം തുടരാൻ കഴിയുന്നില്ല: ഹൈക്കോടതിയിൽ വെളിപ്പെടുത്തി സിബിഐ

single-img
19 August 2020

കൃപേഷിന്റേയും ശരത്‌ലാലിന്റേയും കൊലപാതകത്തിൽ അതായത് പെരിയ ഇരട്ടകൊലപാതക കേസിൽ അന്വേഷണം തുടരാൻ കഴിയുന്നില്ലെന്ന നിലപാടുമായി സിബിഐ. സിബിഐ ഹൈക്കോടതിയ്ക്ക് മുൻപാകെയാണ് ഈക്കാര്യം പറഞ്ഞത് . സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഹർജി കോടതിയുടെ പരിഗണനയിൽ ഉള്ളതിനാൽ ആണ് അന്വേഷണം തടസ്സപ്പെട്ടത്. കേസ് ഏറ്റെടുത്ത് എഫ് ഐ ആർ കോടതിയിൽ സമർപ്പിച്ചെങ്കിലും അപ്പീൽ വന്നതിനാൽ തുടർ നടപടികൾ ഒന്നും സ്വീകരിക്കാൻ കഴിയുന്നില്ലെന്നും സിബിഐ കോടതിയെ അറിയിക്കുകയായിരുന്നു.

ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ വാദം പൂർത്തിയായിട്ട് 9 മാസം പിന്നിട്ടു. വിധി വന്നാൽ മാത്രമേ കേസ് അന്വേഷണം നടത്താനാകൂ എന്നും സിബിഐ അറിയിച്ചു. കേസിലെ പ്രധാനപ്രതി പീതാംബരൻ ഉൾപ്പെടെ ഏഴു പേരുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് അന്വേഷണവുമായി മുന്നോട്ട് പോകാൻ കഴിയുന്നില്ലെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചത്. കേസ് നേരത്തെ ക്രൈംബ്രാഞ്ച് ആയിരുന്നു അന്വേഷിച്ചത്.

സിപിഎം നേതാക്കൾ ഉൾപ്പടെയുള്ളവരെ പ്രതി ചേർത്താണ് കേസ് എടുത്തത്. പക്ഷേ, ഒരു ഘട്ടം വന്നപ്പോൾ, കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കൾ കേസ് അന്വേഷണത്തിൽ രാഷ്ട്രീയ പക്ഷപാതിത്വം ഉണ്ടെന്ന് ആരോപിക്കുകയും , അന്വേഷണത്തിന് മറ്റൊരു ഏജൻസി വേണമെന്നും അവർ ആവശ്യപ്പെടുകയും ചെയ്തു . ഇതേത്തുടർന്ന് 2019 സെപ്തംബർ 30ന് ഹൈക്കോടതി സിം​ഗിൾ ബഞ്ച് ഈ കേസ് സിബിഐക്ക് വിട്ടുകൊണ്ട് ഉത്തരവിറക്കി.

ഇതിനു ശേഷം വളരെ പെട്ടെന്ന് സിബിഐ കേസിന്റെ എഫ്ഐആർ എറണാകുളം സിജെഎം കോടതിയിൽ സമർപ്പിച്ചു. എന്നാൽ, അതിനിടെ അന്വേഷണം സിബിഐക്ക് വിട്ട നടപടി ചോദ്യം ചെയ്ത് സർക്കാർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. ഡിവിഷൻ ബെഞ്ച് ഹർജിയിൽ വാദം കേട്ട് വിധി പറയാൻ മാറ്റി. ഇതിനിടെ, വിധിക്ക് അനുസരിച്ച് മതി തുടരന്വേഷണമെന്ന് കോടതി വാക്കാൽ പറയുകയും ചെയ്തിരുന്നു. ഈ സാഹചര്യം നിലനിൽക്കുന്നതിനാൽ തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്നാണ് സിബിഐ ഇന്ന് കോടതിയെ അറിയിച്ചിരിക്കുന്നത്. രണ്ടു പ്രതികളിന്ന് ജാമ്യഹർജിയുമായി കോടതിയിലെത്തിയിരുന്നു. ഈയൊരു ഘട്ടത്തിലാണ് അന്വേഷണം എന്തായി എന്ന് കോടതി സിബിഐ പ്രോസിക്യൂട്ടറോട് ആരാഞ്ഞത്. അപ്പോഴാണ് സിബിഐ നിയമപരമായും സാങ്കേതികപരമായുമുള്ള തടസ്സങ്ങൾ ചൂണ്ടിക്കാട്ടി, കേസ് അന്വേഷണം തുടരാനാകുന്നില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചത്.

2019 ഫെബ്രുവരി 17നാണ് കേരളത്തെ നടുക്കിയ കൊലപാതകം അരങ്ങേറിയത്, പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും അതിക്രൂരമായി കൊല്ലപ്പെടുകയായിരുന്നു. ഏച്ചിലടുക്കം റോഡിന് സമീപം കാറിലെത്തിയ സംഘം ഇരുവരെയും തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. പീതാംബരനടക്കം പതിനാല് പേരാണ് കേസില്‍ ഉള്‍പ്പെട്ടിരുന്നത്. സജി സി ജോർജ്, സുരേഷ്, അനിൽ കുമാർ, ​ഗിജിൻ, ശ്രീരാ​ഗ്, അശ്വിൻ, സുബീഷ്, മുരളി, ര‍ഞ്ജിത്ത്, പ്രദീപൻ, മണികഠ്ണൻ, ബാലകൃഷ്ണൻ എൻ, മണികഠ്ണൻ ബി എന്നിവരാണ് മറ്റ് പ്രതികൾ. ശരീരമാസകലം വെട്ടേറ്റ് ശരത് ലാലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കൃപേഷും ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്.