വ്യാജ ചെക്ക്: നടന്‍ റിസബാവയ്ക്ക് എതിരെ അറസ്റ്റ് വാറന്റ്

single-img
19 August 2020

വ്യാജ ചെക്ക് കേസിൽ നടന്‍ റിസബാവയ്ക്കെതിരെ എറണാകുളം ജൂഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. എറണാകുളം ജില്ലയിലെ എളമക്കര സ്വദേശിയായ സാദിഖ് എന്നയാളുടെ പരാതിയിലാണ് കോടതിയുടെ നടപടി.

2014ലായിരുന്നു സംഭവം നടക്കുന്നത്. തന്റെ കൈയ്യിൽ നിന്നും പണം വാങ്ങിയ ശേഷം റിസബാവ കബളിപ്പിച്ചെന്നാണ് കേസിൽ പറയുന്നത്. പരാതി നൽകിയ സാദിഖിന്റെ മകനും റിസബാവയുടെ മകളുമായി വിവാഹമുറപ്പിച്ചിരുന്നു. ഈ പരിചയത്തിന്റെ പേരിൽ റിസബാവ 11 ലക്ഷം രൂപ സാദിഖില്‍നിന്ന് കടം വാങ്ങുകയും പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ ആദ്യമൊക്കെ പല തവണ സമയം നീട്ടി ചോദിച്ചു. അവസാനം 2015 ജനുവരിയില്‍ നല്‍കിയ ചെക്ക് 71 ദിവസത്തിന് ശേഷം ഹാജരാക്കിയപ്പോള്‍ മടങ്ങുകയായിരുന്നു എന്നും പരാതിയിൽ പറയുന്നു.

അതേസമയം , കേസിനെ തുടർന്ന് പണം തിരിച്ചു നല്‍കാന്‍ കോടതി നല്‍കിയ സമയപരിധി ഇന്നലെ അവസാനിച്ചതോടെയാണ് അറസ്റ്റ് ചെയ്യാൻ ഇന്ന് ഉത്തരവിട്ടത്. 2015ല്‍ തുടങ്ങിയകേസില്‍ 3 മാസം തടവും പിഴയും വിചാരണ കോടതി നേരത്തെ നടന് വിധിച്ചിരുന്നു.

ഈ വിധിക്കെതിരെ റിസബാവ നല്‍കിയ റിവിഷന്‍ ഹര്‍ജിയിൽ പണം നല്‍കാന്‍ ആറു മാസത്തെ സാവകാശം അനുവദിക്കുകയും പണം നൽകിയില്ലെങ്കിൽ അനുഭവിക്കേണ്ട ശിക്ഷാ കാലയളവ് കുറയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതുവരെയും പണം നൽകാത്ത സാഹചര്യത്തിലാണ് എറണാകുളം ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വാറന്റ് പുറപ്പെടുവിച്ചത്.