മന്‍ഡുവാഡിഹ റെയില്‍വേ സ്റ്റേഷന്‍ ‘ബനാറസ് റെയില്‍വേ സ്റ്റേഷന്‍’ എന്ന് പേര് മാറ്റാൻ യുപി സര്‍ക്കാര്‍

single-img
18 August 2020

ഉത്തര്‍പ്രദേശിലെ വരാണസിയിലുള്ള മുഗള്‍സാരായി ജംഗ്ഷനെ, പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ ജംഗ്ഷന്‍ എന്ന് പുനര്‍നാമകരണം ചെയ്ത ശേഷം ഇപ്പോള്‍ ഇതാ, സംസ്ഥാന സര്‍ക്കാര്‍ മന്‍ഡുവാഡിഹ റെയില്‍വേ സ്റ്റേഷനെ ബനാറസ് റെയില്‍വേ സ്റ്റേഷന്‍ എന്ന്പേര് മാറ്റാന്‍ ഒരുങ്ങുന്നു.

മന്‍ഡുവാഡിഹ എന്ന സ്‌റ്റേഷന്റെ പേര് ബനാറസ് എന്ന് മാറ്റാനുള്ള മാറ്റാനുള്ള സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ശുപാര്‍ശ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അംഗീകരിക്കുകയായിരുന്നു.നിലവിലെ പേര് മാറ്റുന്നതിനായി റെയില്‍വേ മന്ത്രാലയം, തപാല്‍ വകുപ്പ്, സര്‍വേ ഓഫ് ഇന്ത്യ തുടങ്ങിയ വകുപ്പുകളുടെയും അനുമതി ആവശ്യമാണ്‌. അതുകൊണ്ടുതന്നെ ഈ വകുപ്പുകളുടെ അനുമതി ലഭിച്ചതിന് ശേഷമായിരിക്കും റെയില്‍വെസ്റ്റേഷന്റെ പേര് ഔദ്യോഗികമായി മാറ്റുകയെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഈ റെയില്‍വെ സ്‌റ്റേഷന്‍ പുനരുദ്ധരിച്ച് സര്‍ക്കാര്‍ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തിയിരുന്നു.പുണ്യപ്രദേശം എന്ന് കരുതപ്പെടുന്ന വരാണസി നഗരത്തില്‍ നിന്ന് മൂന്ന് കിലോമീറ്ററും, പ്രശസ്തമായ കാശി വിശ്വനാഥ ക്ഷേത്രത്തിലേക്ക് നാലു കിലോമീറ്ററും മാത്രം ദൂരമുള്ള മന്‍ഡുവാഡിഹ റെയില്‍വേ സ്റ്റേഷന്‍ ഇന്ത്യയിലെ തന്നെ ഏറ്റവും തിരക്കുള്ള റെയില്‍വെ സ്‌റ്റേഷന്‍ ആണ്. ഹിന്ദുമത വിശ്വാസികള്‍ പുണ്യസ്ഥലമായി കണക്കാക്കുന്ന വരാണാസിയിലേക്ക് ലക്ഷകണക്കിന് തീര്‍ത്ഥാടകരാണ് ഓരോ വര്‍ഷത്തിലും എത്തുന്നത്.