നിയമം വന്നാലും ഇല്ലെങ്കിലും രാജ്യത്തെ ജനങ്ങളെ അതു ബാധിക്കില്ല: പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ച ഷഹീൻ ബാഗിലെ 50 അന്തേവാസികൾ ബിജെപിയിൽ ചേർന്നു

single-img
18 August 2020

 പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം ഉയർന്നപ്പോൾ രാജ്യത്ത് ഏറ്റവും കൂടുതൽ ശ്രദ്ധാകേന്ദ്രമായത് ഡൽഹിയിലെ ഷഹീൻ ബാഗായിരുന്നു. ഇവിടെ നിന്നുള്ള 50 പേർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാർട്ടിയായ ബി.ജെ.പിയിൽ ചേർന്നതായാണ് പുതിയ വാർത്ത. ഡൽഹിയിലെ ഷാഹീൻബാഗ്, നിസാമുദീൻ, ഓഖ്‌ല എന്നിവിടങ്ങളിൽ നിന്നുമുള്ള നൂറിലധികം പേർ ബി.ജെ.പിയിൽ ചേർന്നതായി ഡല്‍ഹി ബി.ജെ.പി പ്രസിഡന്റ് ആദേഷ് ഗുപ്തയാണ് വെളിപ്പെടുത്തിയത്. 

പ്രധാനമന്ത്രിക്ക് പിന്തുണയുമായാണ് ഇവർ ബിജെപിയിൽ ചേർന്നതെന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. മുത്തലാഖ് അവസാനിപ്പിക്കാനുമുള്ള പ്രധാനമന്ത്രിയുടെ ശ്രമത്തെയാണ് ഇവർ പിന്തുണച്ചിരിക്കുന്നത്.  സി‌.എ‌.എയെ പിന്തുണച്ചവരും നിയമഭേദഗതിയെ എതിർത്തവരും ഇക്കൂട്ടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഡല്‍ഹി ബിജെപി നേതാവ് നിഗത് അബ്ബാസ് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. 

നിയമഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന ഇവിടത്തെ ആളുകൾ സർക്കാരിൽ നിന്ന് ആരെങ്കിലും ഇവിടെയെത്തി ആശയക്കുഴപ്പം അവസാനിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നു ബി.ജെ.പിയില്‍ ചേര്‍ന്നവരിപ്പെട്ട സാമൂഹിക പ്രവർത്തകൻ ഷാസാദ് അലി പറഞ്ഞു.  എന്തെങ്കിലും ആശയക്കുഴപ്പം ഉണ്ടെങ്കിൽ ഞാൻ അത് പാർട്ടി വേദിയിൽ ഉയർത്തുമെന്നും ഷാസാദ് അലി പറഞ്ഞു. സി‌.എ‌.എയെക്കുറിച്ചുള്ള ആശങ്കകളില്‍ ഞങ്ങള്‍ അവരോടൊപ്പം ഒരുമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

പ്രതിഷേധം ഒരിക്കലും ഒരു പാർട്ടിക്കെതിരെയായിരുന്നില്ല എന്നും നിയമഭേദഗതിക്കെതിരെയായിരുന്നു എന്നും പാർട്ടിയിൽ ചേർന്ന മറ്റൊരാളായ ആസിഫ് അനീസ് പറയുന്നു. താൻ നിയമഭേദഗതിയെ എതിർക്കുകയോ അനുകൂലിക്കുകയോ ചെയ്യുന്നില്ലെന്നും നിയമം വന്നാലും ഇല്ലെങ്കിലും രാജ്യത്തെ ജനങ്ങളെ അത് ബാധിക്കില്ലെന്നും അനീസ് പറഞ്ഞു.