രോഹിത് ഉള്‍പ്പെടെ നാല് കായിക താരങ്ങള്‍ക്ക് രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാര ശുപാർശ

single-img
18 August 2020

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഉപനായകനായ രോഹിത് ശർമ്മ ഉൾപ്പെടെ ഗുസ്തി താരം വിനേഷ് ഫോഗട്ട്, ടേബിൾ ടെന്നീസ് താരം മാണിക ബത്ര, പാരാലിമ്പ്യൻ എം തങ്കവേലു എന്നിവർക്കും രാജ്യത്തെ ഏറ്റവും വലിയ കായിക പുരസ്കാരമായ രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരത്തിന് ശുപാർശ ലഭിച്ചു.രാജ്യത്തിന്റെ ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് നാല് താരങ്ങളെ ഒരുമിച്ചുതന്നെ പുരസ്കാരത്തിന് ശുപാർശ ചെയ്യുന്നത്.

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ഓപ്പണറുമായിരുന്ന വീരേന്ദർ സെവാഗ്, മുൻ ഹോക്കി ടീം ക്യാപ്റ്റൻ സർദാർ സിംഗ് എന്നിവർ ഉൾപ്പെട്ട കമ്മറ്റിയാണ് ഈ താരങ്ങളെ പുരസ്‌കാരത്തിനായി നിർണയിച്ചത്. മുൻ കാലത്തിൽ സച്ചിൻ തെണ്ടുൽക്കർ, ധോണി, വിരാട് കോലി എന്നിവർക്കാണ് രാജ്യത്തെ ക്രിക്കറ്റ് താരങ്ങളിൽ ഖേൽ രത്ന ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം പ്രകടനമികവിൻ്റെ അടിസ്ഥാനത്തിലാണ് രോഹിതിന് ഇക്കുറി നാമനിർദ്ദേശം ലഭിച്ചത്.

2018ൽ നടന്ന കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും നേടിയ സ്വർണ മെഡൽ, 2019ൽ നടന്ന ഏഷ്യൻ ഗുസ്തി ചാമ്പ്യൻസിപ്പിലെ വെങ്കല മെഡൽ എന്നീ നേട്ടങ്ങളാണ് ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ നാമനിർദ്ദേശം ചെയ്യാൻ കാരണം. അതേസമയം 2016ൽ റിയോ പാരാലിമ്പിക്സിൽ നേടിയ സ്വർണമാണ് തങ്കവേലുവിനെ നാമനിർദ്ദേശം ചെയ്യാൻ കാരണമായത്.

2018ൽ കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയ ബത്ര ഏഷ്യൻ ഗെയിംസിൽ വെങ്കലം നേടി നടത്തിയ മികച്ച പ്രകടനമാണ് മാണിക ബത്രക്ക് ഗുണമായത്. രാജ്യത്തെ കൊവിഡ് വൈറസ് വ്യാപന പശ്ചാത്തലത്തിൽ ഇത്തവണ പുരസ്കാര ദാനം വെർച്വലായി 29നാണ് നടക്കുന്നത്.