യുഡിഎഫും ബിജെപിയും സയാമീസ് ഇരട്ടകളെപ്പോലെ സര്‍ക്കാരിനെതിരെ നുണപ്രചാരണങ്ങള്‍ ആവര്‍ത്തിക്കുന്നു: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

single-img
18 August 2020

സംസ്ഥാനത്ത് നടന്ന സ്വര്‍ണക്കടത്ത് കേസില്‍ പ്രതിപക്ഷമായ ബിജെപിയും കോണ്‍ഗ്രസും സയാമീസ് ഇരട്ടകളെ പോലെ സര്‍ക്കാരിനെതിരെ നുണപ്രചാരണങ്ങള്‍ ആവര്‍ത്തിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

ജനക്ഷേമം മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കുന്ന ഈ സര്‍ക്കാര്‍ വളരെ മെച്ചപ്പെട്ട ഭരണമാണ് നടത്തുന്നത്. സംസ്ഥാനത്തെ കാര്‍ഷികം, ടൂറിസം, സഹകരണം, വൈദ്യുതി തുടങ്ങി എല്ലാമേഖലകളിലും ഈ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ കാണാന്‍ സാധിക്കും. പക്ഷെ സ്വര്‍ണക്കള്ളക്കടത്ത് കേസ് കേരളത്തിലെ സര്‍ക്കാരിനെതിരെ തിരിക്കാനുളള ശ്രമത്തിലാണ് പ്രതിപക്ഷമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഒന്നരമാസത്തോളമായി എല്ലാദിവസവും യുഡിഎഫ് നേതാക്കള്‍ പത്രസമ്മേളനം വിളിച്ച് തുടര്‍ച്ചയായി കള്ളപ്രചരണം നടത്തുന്നു. ഒരു നുണയെ നൂറുതവണ ആവര്‍ത്തിച്ചാല്‍ സത്യമാവുമെന്ന തന്ത്രമാണ് പ്രതിപക്ഷം ഈ കാര്യത്തില്‍ പയറ്റുന്നത്. അങ്ങിനെ ചെയ്യുന്നത് ഫാസിസ്റ്റുകളുടെ നയമാണ്.- അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനും സ്വര്‍ണക്കളളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനും തമ്മിലുള്ള ബന്ധത്തെ കാണിച്ചാണ് ഇപ്പോള്‍ മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ ഓഫീസിനേയും അപവാദപ്രചരണത്തിനായി ഉപയോഗിക്കുന്നത്. യാതൊരുവിധ കഴമ്പും ഇല്ലാത്ത ആക്ഷേപങ്ങള്‍ ആവര്‍ത്തിച്ച് ജനങ്ങളെ അവര്‍ തെറ്റിദ്ധരിപ്പിക്കുന്നു. ഇതുപോലുള്ള അപവാദപ്രചരണങ്ങള്‍ ജനം തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.