അവർ അത്ഭുതം പ്രവർത്തിച്ചവർ: വിമാനദുരന്ത രക്ഷാ പ്രവർത്തനം നടത്തിയ മലപ്പുറത്തുകാരെ അഭിനന്ദിച്ച് മേനകാ ഗാന്ധി

single-img
18 August 2020

കരിപ്പൂർ വിമാനാപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ മലപ്പുറത്തുകാരെ അഭിനന്ദിച്ച് മേനക ഗാന്ധി എം പി. വിമാന ദുരന്തസമയത്ത് അദ്ഭുതപ്പെടുത്തുന്ന പ്രവൃത്തിയാണ് ജീവൻരക്ഷാ പ്രവർത്തനത്തിനായി മലപ്പുറത്തെ ജനങ്ങൾ നടത്തിയെതെന്നും ഇത്തരത്തിലുള്ള മനുഷ്യത്വം ഇനിയും പ്രതീക്ഷിക്കുന്നുവെന്നും അവർ പറഞ്ഞു. 

രക്ഷാപ്രവർത്തനത്തെ കുറിച്ച് മൊറയൂർ പഞ്ചായത്ത്‌ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി അബ്ബാസ് വടക്കൻ മേനക ഗാന്ധിക്ക് ഇ മെയിൽ സന്ദേശം അയച്ചിരുന്നു. ഈ സന്ദേശത്തിനുള്ള മറുപടിയായാണ് മേനകാ ഗാന്ധി ഇക്കാര്യം പറഞ്ഞത്. 

ഇതുപോലെ മനുഷ്യത്വപരമായ സമീപനം എല്ലാ ജീവികൾക്കു നേരെയുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും സന്ദേശത്തിൽ പറയുന്നു. മുമ്പ് പാലക്കാട്ട് ഗർഭിണിയായ കാട്ടാന കൊല്ലപ്പെട്ട സംഭവത്തിൽ മേനകാ ഗാന്ധി മലപ്പുറത്തെ ജനങ്ങളെ വിമർശിച്ചു രംഗത്തെത്തിയതു വലിയ വിവാദമായിരുന്നു.

ഇതിൽ പ്രതിഷേധമറിയിച്ചു മൊറയൂർ യൂത്ത് ലീഗ് അയച്ച സന്ദേശത്തിനും എം പി മറുപടി നൽകിയിരുന്നു. മലപ്പുറം മനോഹരമായ ചരിത്രമുള്ള നാടാണെന്നും വനംവകുപ്പിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മലപ്പുറത്തെ പരാമർശിച്ചതെന്നുമായിരുന്നു മേനക ഗാന്ധി വ്യക്തമാക്കിയത്.