ഭക്ഷ്യക്ഷാമം രൂക്ഷം; ഹോട്ടലുകളിൽ പാകം ചെയ്യാൻ വളർത്തുനായ്ക്കളെ കസ്റ്റഡിയിലെടുക്കാൻ കിം ജോങ് ഉന്നിന്റെ ഉത്തരവ്

single-img
18 August 2020

രാജ്യത്ത് ഭക്ഷ്യക്ഷാമം വർദ്ധിച്ചതിനാൽ ഉത്തരകൊറിയയുടെ തലസ്ഥാനമായ പ്യോങ്‌യാങിലെ എല്ലാ വളർത്തുനായ്ക്കളെയും കസ്റ്റഡിയിലെടുക്കാൻ ഭരണാധികാരിയായ കിം ജോങ് ഉൻ ഉത്തരവിട്ടു. രാജ്യത്തെ ഹോട്ടലുകളിൽ ഭക്ഷണം പാകം ചെയ്യാനായി വളർത്തു നായ്ക്കളെ കസ്റ്റഡിയിലെടുക്കണമെന്ന് കിം ഉത്തരവിട്ടതായി അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ആളുകൾ നായ്ക്കളെ വളർത്തുന്നത് മുതലാളിത്തത്തിന്റെ ജീർണനമാണെന്നും ബൂർഷ്വാ പ്രത്യയശാസ്ത്രത്തിന്റെ കളങ്കിതമായ പ്രവണതയാണെന്നും കിം പറഞ്ഞതായാണ് റിപ്പോർട്ടുകൾ. എന്തായാലും ഉത്തരവിനെ തുടര്‍ന്ന് വളര്‍ത്തുനായ്ക്കളുള്ള വീടുകൾ അധികൃതർ ഇതിനകം കണ്ടെത്തിക്കഴിഞ്ഞു. ഉടമസ്ഥർക്ക് രണ്ട് ഓപ്‌ഷനാണ് ഉള്ളത്, ഇവർക്ക് വേണമെങ്കിൽ സ്വമേധയാ ഇവയെ വിട്ടുനൽകാം.അതല്ലെങ്കിൽ അധികൃതർ ബലം പ്രയോഗിച്ച് നായ്ക്കളെ കൊണ്ടുപോകും.

ഇത്തരത്തിൽ പിടിച്ചെടുക്കുന്ന നായ്ക്കളെ മൃഗശാലകളിലേക്കും മറ്റുള്ളവയെ ഇറച്ചിയാക്കാനായി റെസ്റ്റോറൻ്റുകളിലേക്കോ അയക്കും. കഴിഞ്ഞ ജൂലായ് മാസം മുതൽ രാജ്യത്ത് നായ്ക്കളെ വളർത്തുന്നത് നിയമവിരുദ്ധമാണ്.

ഐക്യരാഷ്ട്രസഭ പറയുന്ന റിപ്പോർട്ട് പ്രകാരം ഉത്തരകൊറിയയിൽ 25.5 മില്ല്യൺ ആളുകൾ ഭക്ഷ്യക്ഷാമം അനുഭവിക്കുന്നുണ്ട്. അടുത്തിടെ ആണവ മിസൈൽ പദ്ധതികളുടെ പേരിൽ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം രാജ്യത്തിന്റെ സ്ഥിതി വഷളാക്കിയിരുന്നു. കൊറിയയിൽ സുപ്രധാന ഭക്ഷണമാണ് പട്ടിമാംസം. ഇവിടെ ഓരോ വർഷവും ഒരു മില്ല്യൺ പട്ടികൾ മാംസത്തിനായി രാജ്യത്ത് കൊല്ലപ്പെടുന്നുണ്ടെന്നാണ് പുറത്തുവന്നിട്ടുള്ള കണക്ക്.