നയതന്ത്ര പാഴ്‌സലുകള്‍ക്കൊന്നും എക്‌സംപ്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല: പ്രോട്ടോക്കോള്‍ ഓഫിസർ

single-img
18 August 2020

തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലേക്ക് വിദേശത്തു നിന്ന് 2019 മുതലുള്ള കാലയളവില്‍ വന്ന  പാഴ്‌സലുകള്‍ക്കൊന്നും എക്‌സംപ്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്ന് സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫിസറുടെ വെളിപ്പെടുത്തൽ. ഈ കാലയളവില്‍ സര്‍ട്ടിഫിക്കറ്റിനായി യുഎഇ കോണ്‍സുലേറ്റോ മറ്റാരെങ്കിലുമോ സമീപിച്ചിട്ടില്ലെന്നും പ്രോട്ടോക്കോള്‍ ഓഫീസര്‍ ബി സുനില്‍കുമാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.സ്വര്‍ണക്കടത്തുകേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘത്തെയാണ് ഓഫീസർ  ഇക്കാര്യം അറിയിച്ചത്. 

സ്വര്‍ണക്കള്ളക്കടത്തു നടന്ന കാലത്തെ എക്‌സംപ്ഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ സംബന്ധിച്ച് അറിയിക്കണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നയതന്ത്ര ബാഗേജ് വഴി ഖുര്‍ആന്‍ കേരളത്തില്‍ എത്തിയത് വിവാദമായിരുന്നു. എന്നാല്‍ യുഎഇ കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജ് വഴിയാണ് മതഗ്രന്ഥങ്ങള്‍ എത്തിയതെന്നാണ് മന്ത്രി കെ ടി ജലീല്‍ വിശദീകരിച്ചത്. സി-ആപ്റ്റിന്റെ വാഹനത്തില്‍ ഇത് മലപ്പുറത്ത് എത്തിക്കുക മാത്രമാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞിരുന്നു. 

ഇന്ത്യയിലെ നയതന്ത്ര സ്ഥാപനങ്ങളിലേക്കുള്ള വാഹനങ്ങള്‍, സുരക്ഷാ ഉപകരണങ്ങള്‍, വാര്‍ത്താ വിനിമയ ഉപകരണങ്ങള്‍, സംഗീത പരിപാടിക്കോ പ്രദര്‍ശനത്തിനോ ഉള്ള വസ്തുക്കള്‍, കെട്ടിട നിര്‍മാണ വസ്തുക്കള്‍, അസാധാരണ വസ്തുക്കള്‍ എന്നിവയടങ്ങിയ പാഴ്‌സലുകള്‍ വിദേശകാര്യ മന്ത്രാലയമോ സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫിസറോ സാക്ഷ്യപ്പെടുത്തി എക്‌സംപ്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് വിദേശകാര്യമന്ത്രാലയം 2018 ല്‍ പുതുക്കിയ പ്രോട്ടോക്കോള്‍ ഹാന്‍ഡ്ബുക്കില്‍ വ്യക്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജ് വഴി വന്ന 30 കിലോഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്.