ആചാരങ്ങൾക്ക് ശാസ്ത്രീയ അടിത്തറ വേണം, അല്ലെങ്കിൽ വരും തലമുറ അതു പിൻതുടരില്ല: വി മുരളീധരൻ

single-img
17 August 2020

ആചാരങ്ങൾക്ക് ശാ്സത്രീയ അടിത്തറവേണമെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരൻ. ഹൈന്ദവ സമൂഹത്തിലെ വിവിധ സമുദായങ്ങൾ അനുഷ്ഠിച്ചുവരുന്ന ആചാരങ്ങൾ വരും തലമുറകൾ പിന്തുടരണമെങ്കിൽ ശാസ്ത്രീയ അടിത്തറ ഉണ്ടാവേണ്ടതുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. അല്ലെങ്കിൽ അവയെല്ലാം അനാചാരങ്ങളായി മാറുമെന്നും അദ്ദേഹം പറഞ്ഞു. 

രാജ്യത്തെ പുതിയ തലമുറയുടെ ശാസ്ത്രീയമായ ചോദ്യങ്ങൾക്ക് യുക്തിസഹമായ മറുപടി നൽകാൻ കഴിയണം. അല്ലെങ്കിൽ ആചാരങ്ങൾ കാലഹരണപ്പെട്ടുപോകും. വിശ്വാസങ്ങളും ആചാരങ്ങളും തുടർന്നു പോകാൻ ഇന്ന് നേരിടുന്നതിനെക്കാൾ വെല്ലുവിളികളാണ് വരും കാലങ്ങളിൽ കാത്തിരിക്കുന്നതെന്നും വി മുരളീധരൻ പറയുന്നു. 

ആചാരങ്ങൾ ഇന്നത്തെ സമൂഹത്തിൽ അതിജീവിക്കണമെങ്കിൽ ശാസ്ത്രീയത കൊണ്ടുമാത്രമേ കഴിയൂ. കളരിപ്പണിക്കർ ഗണക കണിശ സഭയുടെ സിൽവർ ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച വെർച്വൽ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരൻ.

സമൂഹത്തിൽ പിന്നാക്ക സമുദായങ്ങൾ നേരിടേണ്ടിവന്ന അവഗണനയിൽ മാറ്റമുണ്ടായി. എന്നാൽ എല്ലാ വെല്ലുവിളികളും അവസാനിച്ചിട്ടില്ല. അതിന് കൂട്ടായ പരിശ്രമം തുടരണമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തിൽ കെ.ജി.കെ.എസ് പ്രസിഡൻ്റ് ഡോ.പാച്ചല്ലൂർ അശോകൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബാലസുബ്രഹ്മണ്യം മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ആർ.എസ്.സഞ്ജീവ് കുമാർ, കെ.ജി.പ്രഭാകരൻ, പെരുങ്കടവിള വിജയകുമാർ, കെ.ഹരിക്കുട്ടൻ, സ്ഥാനത്ത് രജി, പുനലൂർ ചന്ദ്രബോസ്, സി.കെ.സതീഷ്‌കുമാർ,ഗീതാവിജയൻ തുടങ്ങിയവർ സംസാരിച്ചു.