ചൈനയില്‍ നിന്നും ഡ്രോണുകള്‍ വാങ്ങാന്‍ പാകിസ്താന്‍; ലക്‌ഷ്യം കാശ്മീര്‍

single-img
17 August 2020

ജമ്മുകശ്മീരില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ലക്ഷ്യമിട്ട് പാകിസ്താന്‍ ചൈനയില്‍ നിന്നും ഡ്രോണുകള്‍ വാങ്ങിക്കുന്നു എന്ന് സൂചന. ചൈന ഉപയോഗിക്കുന്ന ഡ്രോണായ സെയ് ഹോങ് 4 ന്റെ ധാരാളം യൂണിറ്റുകള്‍ വാങ്ങാന്‍ പാകിസ്താന്‍ ഓര്‍ഡര്‍ നല്‍കി എന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഡ്രോണുകള്‍ വാങ്ങാനുള്ള തീരുമാനത്തെ തുടര്‍ന്ന് പാക് സൈന്യത്തിലെ ഒരു ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ പത്തംഗ സംഘം ചൈനയില്‍ എത്തിയിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ചൈന കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എയ്‌റോസ്‌പേസ് ലോങ് മാര്‍ച്ച് ഇന്റര്‍നാഷണല്‍ ട്രേഡ് കമ്പനി എന്ന കമ്പനിയില്‍ നിന്നാണ് പാകിസ്താന്‍ സൈന്യം ഡ്രോണുകള്‍ വാങ്ങുന്നത്. ലഭ്യമായ വിവരങ്ങള്‍ പ്രകാരം സി.എച്ച് 4 ഡ്രോണുകള്‍ക്ക് കുറഞ്ഞത് 1,300 കിലോയോളം ഭാരമുള്ള പേലോഡുകള്‍ വഹിക്കാന്‍ ശേഷിയുണ്ട്.

ചൈനയ്ക്ക് പുറമേ നിലവില്‍ ഇറാഖ്, ജോര്‍ദാന്‍ സൈന്യങ്ങള്‍ ഈ ഡ്രോണുകള്‍ ആണ് ഉപയോഗിക്കുന്നത്. ഈ ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് അഫ്ഗാനിസ്താനിലെ രഹസ്യകേന്ദ്രത്തില്‍ വെച്ച് പാക് സൈന്യം താലിബാന്‍ ഭീകരര്‍ക്ക് പ്രത്യേക ആയുധ പരിശീലനം നല്‍കുന്നുണ്ടെന്നും ജമ്മുകാശ്മീരിലെ സുരക്ഷാ സേനാംഗങ്ങള്‍ക്കെതിരായ ആക്രമണത്തില്‍ ഈ രീതിയില്‍ പരിശീലനം നല്‍കിയവരെ പാക് സൈന്യം ഉപയോഗിക്കാന്‍ സാധ്യതയുണ്ട് എന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പറയുന്നു.