ഇപ്പോൾ ഉള്ളതിനേക്കാൾ പത്ത് മടങ്ങ് ശക്തിയുള്ള കോവിഡ് വൈറസിനെ കണ്ടെത്തി; വെളിപ്പെടുത്തലുമായി മലേഷ്യ

single-img
17 August 2020

ഇപ്പോൾ ലോകത്തില്‍ ഭീതി പടര്‍ത്തി വ്യാപിക്കുന്ന വൈറസിന്റെ പത്ത് മടങ്ങ് വരെ ശക്തിയുള്ള പുതിയ കൊവിഡ് വൈറസിനെ കണ്ടെത്തിയതായി മലേഷ്യ. ഇന്ത്യയില്‍ നിന്നും മലേഷ്യയിലേക്ക് എത്തിയ ഒരാളിലൂടെ കൊവിഡ് പടര്‍ന്നുകിട്ടിയ സംഘത്തില്‍ നിന്നാണ് ഇപ്പോള്‍ പുതിയ വൈറസ് സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.

മുന്‍പ് ചില രാജ്യങ്ങളില്‍ ‘D614G’ എന്ന പേരിലുള്ള പുതിയ കൊവിഡ് വൈറസിനെ കണ്ടെത്തിയിരുന്നു. ഇതേ വിഭാഗത്തില്‍ പെടുന്ന വൈറസിനെ തന്നെയാണ് മലേഷ്യയിലും കണ്ടെത്തിയിരിക്കുന്നത്. ശക്തിയേറിയ കൊവിഡ് വൈറസ് കണ്ടെത്തിയ വിവരം മലേഷ്യന്‍ ആരോഗ്യവകുപ്പ് മേധാവിയായ നൂര്‍ ഹിഷാം അബ്ദുള്ള സ്ഥിരീകരിച്ചിട്ടുണ്ട്.

രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 45 കേസുകളില്‍ മൂന്ന് കേസുകളിലാണ് ഈ പുതിയ കൊവിഡ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ഇന്ത്യയ്ക്ക് പുറമേ ഫിലിപ്പീന്‍സില്‍ നിന്ന് വന്ന ഒരാളില്‍ നിന്ന് രോഗം പകര്‍ന്നുകിട്ടിയ സംഘത്തിലും ഈ പുതിയ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.