ധോണി വിരമിച്ചതുകൊണ്ട് ഞാനും വിരമിച്ചു: പാക് ആരാധകന്‍ ചാച്ച ചിക്കാഗോ

single-img
17 August 2020

അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോണി വിരമിച്ചതിനാൽ താൻ ഇനിമുതല്‍ ക്രിക്കറ്റ് മത്സരങ്ങൾ കാണില്ലെന്ന് പ്രശസ്ത പാക് ആരാധകനായ ചാച്ച ചിക്കാഗോ എന്നറിയപ്പെടുന്ന മുഹമ്മദ് ബഷീർ ബോസായ്. പാകിസ്താനിലെ കറാച്ചിയില്‍ ജനിച്ച ധോണിയുടെ കടുത്ത ആരാധകനായ ബഷീർ ഇന്ത്യ-പാകിസ്താൻ മത്സരങ്ങള്‍ നടക്കുമ്പോള്‍ ഗ്യാലറിയില്‍ സ്ഥിര സാന്നിധ്യമായിരുന്നു.

നിലവില്‍ അമേരിക്കയിലെ ചിക്കാഗോയിൽ ഒരു റെസ്റ്റോറൻ്റ് നടത്തുകയാണ് അദ്ദേഹം. “ധോണി ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിനാൽ ഞാനും വിരമിച്ചു. അദ്ദേഹമില്ലാതെ ഞാൻ സ്റ്റേഡിയങ്ങളിലെത്തി മത്സരം കാണില്ല. കാരണം, എനിക്ക് അദ്ദേഹത്തെയും അദ്ദേഹത്തിന് എന്നെയും ഇഷ്ടമായിരുന്നു.

ഇപ്പോഴുള്ള കൊവിഡ് പ്രതിസന്ധി അവസാനിച്ചു കഴിഞ്ഞാൽ ഞാൻ റാഞ്ചിയില്‍ ചെന്ന് അദ്ദേഹത്തെ കാണും. നടക്കാനിരിക്കുന്ന ഐപിഎൽ മത്സരങ്ങളിൽ ധോണിയെ കാണാൻ എനിക്ക് യാത്ര ചെയ്യണമെന്നുണ്ട്. പക്ഷെ ഹൃദ്രോഗിയായ എനിക്ക് അതിനു കഴിയില്ല.”- ബഷീർ പറയുന്നു.

2011ലെ ലോകകപ്പ് സെമിഫൈനൽ കാണാൻ ധോണിയായിരുന്നു ബഷീറിന് ടിക്കറ്റ് എടുത്തു നൽകിയത്. അതോടുകൂടിയാണ് തങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയതെന്ന് അദ്ദേഹം പറയുന്നു. “പിന്നീട് 2019 ലോകകപ്പിലും അദ്ദേഹം എനിക്ക് ടിക്കറ്റ് എടുത്തു നൽകി. 2018ല്‍ നടന്ന ഏഷ്യാ കപ്പിൽ എന്നെ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി അദ്ദേഹം തൻ്റെ ജഴ്സി എനിക്ക് സമ്മാനിക്കുകയും ചെയ്തു.

മറ്റൊരിക്കല്‍ തൻ്റെ ബാറ്റും അദ്ദേഹം എനിക്ക് സമ്മാനിച്ചിരുന്നു. 2015ലെ ലോകകപ്പിനിടെ ഓസ്ട്രേലിയയിലെ സിഡ്നിയിൽ ഞാൻ ഇരിക്കുകയായിരുന്നു. ശക്തമായ ചൂടായിരുന്നു അവിടെ. ഉടന്‍തന്നെ സുരേഷ് റെയ്ന വന്ന് എനിക്ക് ഒരു സൺ ഗ്ലാസ് സമ്മാനിച്ചു. അതിന് ശേഷം താനല്ല, ധോണി നൽകിയ സൺ ഗ്ലാസാണ് ഇതെന്ന് റെയ്ന പറഞ്ഞു. ഇന്ത്യയെ വളരെയധികം സ്നേഹിക്കുന്നതിന് എന്നെ പാക് ആരാധകർ ചതിയൻ എന്നൊക്കെ വിളിച്ച് പരിഹസിക്കാറുണ്ട്. എന്നും ബഷീർ പറയുന്നു.