മോഷണക്കേസിൽ കസ്റ്റഡിയിലായ വ്യക്തി പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങിമരിച്ചു: ഉദയകുമാറിനെ ഉരുട്ടിക്കൊന്ന ഫോർട്ട് സ്റ്റേഷൻ വീണ്ടും വിവാദത്തിൽ

single-img
17 August 2020

തിരുവനന്തപുരത്ത് മോഷണക്കേസിൽ കസ്റ്റഡിയിൽ എടുത്തയാൾ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ.മൊബൈൽ മോഷണത്തിന് പിടികൂടിയ അൻസാരിയെന്ന യുവാവാണ് ഫോർട്ട് പൊലീസ് സ്റ്റേഷനിൽ ജീവനൊടുക്കിയത്. വൈകിട്ട് 5 മണിയോടെ സ്റ്റേഷനിൽ എത്തിച്ച ഇയാൾ ബാത്റൂമിൽ കയറി തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

കിഴക്കേകോട്ടയിൽ നിന്നും മൊബൈൽ മോഷ്ടിച്ചുവെന്ന് ആരോപിച്ച് നാട്ടുകാരാണ് അൻസാരിയെ പിടികൂടിയത്. തുടർന്ന് പൊലീസെത്തി സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയായിരുന്നു. കരിമഠം കോളനിയിൽ നിന്നുള്ള മറ്റ് രണ്ട് പേർക്കൊപ്പമാണ് സ്റ്റേഷനിൽ നിർത്തിയിരുന്നത്. സ്റ്റേഷനിലെത്തി കുറച്ച് കഴിഞ്ഞ്  ബാത്റൂമിൽ കയറിയ  അൻസാരിയെ കാണാത്തതിനാൽ കതക് തല്ലി തകർത്ത് അകത്ത് കയറിയപ്പോഴാണ് ഇയാൾ ആത്മഹത്യ ചെയ്തതായി കണ്ടെത്തിയതെന്നാണ് പൊലീസിൻറെ വിശദീകരണം.

ഫോർട്ട് സി ഐയാണ് പ്രതിയെ കിഴക്കേകോട്ടയിൽ നിന്നും കസ്റ്റഡിയിലെടുത്തത്. കൊവിഡ് പ്രോട്ടോകോൾ പ്രകാരമാണ് പ്രതിയെ സൂക്ഷിച്ചിരുന്നതെന്നും രണ്ട് ഹോം ഗാർഡുകൾക്ക് പ്രതികളുടെ സുരക്ഷാ ചുമതല നൽകിയരുന്നുവെന്നും ഫോർട്ട് പൊലീസ് പറയുന്നു. പരാതിക്കാരൻ എത്താതിനാൽ അൻസാരിക്കെതിരെ കേസെടുത്തില്ലെന്നും പൊലീസ് വ്യക്തമാക്കി. 

കുപ്രസിദ്ധമായ ഉദയകുമാർ ഉരുട്ടിക്കൊലക്കേസ് നടന്ന സ്റ്റേഷനാണ് ഫോർട്ട് പൊലീസ് സ്റ്റേഷൻ. 2005 സെപ്തംബര്‍ 27 ന് വൈകീട്ട് ശ്രീകണ്ഠേശ്വരം പാര്‍ക്കില്‍ വച്ച് ഉദയ കുമാറിനെയും സുരേഷ് എന്ന വ്യക്തിയേയും ഫോര്‍ട്ട് പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ഇവരുടെ കൈയില്‍ നിന്നും ലഭിച്ച 4000 രൂപയുടെ ഉറവിടത്തെ കുറിച്ചന്വേഷിച്ചപ്പോള്‍ പരസ്പര വിരുദ്ധമായ മറുപടികളാണ് നല്‍കിയത് എന്നാരോപിച്ച് മർദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദനത്തില്‍ ഉദയകുമാര്‍ കൊല്ലപ്പെടുകയായിരുന്നു.