പൊതുസ്ഥലങ്ങളില്‍ ആഘോഷങ്ങള്‍ പാടില്ല; ഓണാഘോഷത്തിന് നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍

single-img
17 August 2020

കോവിഡ് വ്യാപനം നിലനില്‍ക്കുന്നതിനാല്‍ നിയന്ത്രണങ്ങള്‍ പാലിച്ച് ജനങ്ങള്‍ക്ക് കൂടി സൗകര്യപ്രദമായ രീതിയില്‍ ഇത്തവണ ഓണം ആഘോഷിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ തീരുമാനമായി. ഇത് പ്രകാരം വ്യാപാരി വ്യവസായികളുടെ യോഗം വിളിച്ചു ചേര്‍ക്കുന്നതിന് ജില്ലാ കലക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

പൊതുസ്ഥലങ്ങളില്‍ ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് പോലീസാണ്.
അതേപോലെ, പൊതുസ്ഥലങ്ങളില്‍ ആഘോഷ പരിപാടികള്‍ നടത്താനോ ഓണസദ്യയോ പാടില്ല.
എന്നാല്‍ ഷോപ്പുകള്‍ രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ഏഴു മണിവരെ തുറക്കാം.

ഇവിടങ്ങളില്‍ ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം. പരസ്പരമുള്ള സാമൂഹിക അകലം പാലിച്ച് ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാം. നിലവില്‍ അടഞ്ഞുകിടക്കുന്ന ഹോട്ടലുകളും റിസോര്‍ട്ടുകളും അണുമുക്തമാക്കി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുറക്കാനുള്ള അനുമതി നല്‍കും.

ഓണക്കാലത്ത്സം ഇതര സംസ്ഥാനത്ത് നിന്ന് ധാരാളം പൂക്കള്‍ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനാല്‍
ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ആരോഗ്യവകുപ്പ് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതേപോലെ തന്നെ കോവിഡ്19 പരിശോധനകള്‍ വര്‍ദ്ധിപ്പിക്കാനും ജില്ലാ കലക്ടര്‍മാര്‍ക്കും ആരോഗ്യവകുപ്പിനും അദ്ദേഹം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.