ബഹ്റിനിലെ വ്യാപാര സ്ഥാപനത്തില്‍ ഹിന്ദു ദൈവങ്ങളുടെ പ്രതിമകള്‍ എറിഞ്ഞുടച്ച് വനിത; കേസെടുത്ത് പോലീസ്

single-img
16 August 2020

ബഹ്‌റിനിൽ വ്യാപാര സ്ഥാപനത്തില്‍ സൂക്ഷിച്ച ഹിന്ദു ദൈവങ്ങളുടെ പ്രതിമകള്‍ എറിഞ്ഞുടച്ച സംഭവത്തിൽ വനിതയ്‌ക്കെതിരെ കേസെടുത്തു ബഹ്‌റൈന്‍ പോലീസ്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായപ്പോൾ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പോലീസ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

മതവിശ്വാസത്തെ അപകീര്‍ത്തിപ്പെടുത്തൽ, മനപ്പൂര്‍വ്വം നാശനഷ്ടങ്ങളുണ്ടാക്കൽ എന്നിവയ്ക്കാണ് നടപടി എടുത്തിട്ടുള്ളത്. ജുഫൈറിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിൽ എത്തിയ രണ്ട് സ്ത്രീകളില്‍ ഒരാള്‍ അവിടെ വില്‍പ്പനയ്ക്ക് വെച്ചിരുന്ന ഹിന്ദു ദൈവങ്ങളുടെ പ്രതിമകള്‍ സ്ഥാപിച്ച സ്ഥലത്തെത്തുന്നതും
അവിടെ നിന്ന സെയില്‍സ്മാനോട് സംസാരിച്ച ശേഷം പ്രതിമകള്‍ എറിഞ്ഞുടയ്ക്കുന്നതുമാണ് വീഡിയോയിൽ ഉണ്ടായിരുന്നത്.

സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ച ഈ വീഡിയോ ശ്രദ്ധയില്‍പ്പെട്ട പോലിസ് 54കാരിയായ വനിതക്കെതിരെ കേസ് എടുക്കുകയായിരുന്നു. കേസെടുത്ത വിവരം ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് പോലീസ് ഡയറക്ടര്‍ ജനറലാണ് ഇന്ന് അറിയിച്ചത്.

സംഭവത്തിൽ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനായുള്ള നിയമനടപടികള്‍ സ്വീകരിച്ചതായും ബഹ്‌റിൻ പോലീസ് ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറയുന്നു.