അഖിലയുടെ പണവും സ്വര്‍ണവും എവിടെ? ആത്മഹത്യയ്ക്ക് പിന്നിലെ ദൂരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ

single-img
16 August 2020

പുതിയതെരുവിലെ ലോഡ്ജിൽ ആത്മഹത്യചെയ്ത അഖില പാറയിൽ (36) എന്ന യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതിന്റെ പിന്നിൽ ദുരൂഹതയേറുന്നു. വീട്ടിന് സമീപത്തെ ഒരു ലോഡ്ജിലാണ് അഖിലയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത് . തെറ്റായ മേൽവിലാസം നൽകിയാണ് മുറിയെടുത്തിരുന്നതെന്ന് പിന്നീട് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ജീവിതത്തിന്റെ അവസാനകാലത്ത് അവർക്ക് എന്താണ് സംഭവിച്ചതെന്ന കാര്യത്തിലാകെ ദുരൂഹതയാണ്. വീട്ടിൽ നിന്നും അകന്നു കഴിയുകയായിരുന്നു അഖില ,ഏറെ കാലത്തിനുശേഷം നാട്ടിലെത്തിയ അവർ ചില ബന്ധുവീടുകളൊക്കെ സന്ദർശിച്ചശേഷമാണ് ഹോട്ടൽ മുറിയിൽ ജീവനൊടുക്കിയത്. കണ്ണൂർ കോട്ടക്കുന്ന് പാറയിൽ വീട്ടിൽ പരേതനായ റിട്ട. ഹെഡ്മാസ്റ്റർ എം. മുകുന്ദന്റെ മകളാണ് അഖില. പഠനത്തിൽ മികവ് പുലർത്തിയിരുന്ന അഖില ,മികച്ച മാർക്കോടെയാണ് എസ്.എസ്.എൽ.സി. പാസായത് പിന്നീട് അവർ ബി.എസ്സി. നഴ്സിങ്ങും പഠിച്ചിരുന്നു.

മരിക്കുംമുൻപ് അഖിലയുടെ കൈവശമുണ്ടായിരുന്ന സ്വർണത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇപ്പോൾ വ്യക്തമല്ല. 2016 ഡിസംബറിൽ രണ്ടാമത്തെ വിവാഹമോചനത്തിനുശേഷം അഖിലയുടെ കൈവശം ഏകദേശം 30 ലക്ഷത്തിലധികം രൂപയും 40 പവനോളും സ്വർണവും കാറും ഉണ്ടായിരുന്നതായി അടുത്ത ബന്ധു പറയുന്നു. ആഴ്ചകൾക്ക് മുൻപ് ഒന്നുമില്ലാതെ അവശയായി അഖില നാട്ടിൽ തിരിച്ചെത്തുകയായിരുന്നുവെന്നും ബന്ധു കൂട്ടിച്ചേർത്തു. 2016 ഡിസംബറിനുശേഷം അഖിലയ്ക്ക് എന്താണ് സംഭവിച്ചത്, എവിടെയാണ് പോയത്. കാറും പണവും എവിടെ. തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടേണ്ടതായുണ്ട് . ഒരുവർഷം മുൻപ് ആലപ്പുഴയിൽ അഖിലയുടെ കാർ വഴിയിൽ ഉപേക്ഷിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചിരുന്നു.

മാസങ്ങൾക്ക് മുൻപ് അഖിലയുടെ കൈയിൽ നാലുലക്ഷം രൂപയുമായി വനിതാ പോലീസ് പിടികൂടിയതായ വിവരവും ഉണ്ടായിരുന്നു. തൃക്കരിപ്പൂരിലും കാസർകോട്ടും ചെറുകുന്നിലും മറ്റും താമസിച്ചതായും റിപ്പോർട്ടുണ്ട് . അതിനിടെ അഖിലയുടെ പാസ്പോർട്ട് വെരിഫിക്കേഷനുവേണ്ടി വളപട്ടണം പോലീസ് വന്നപ്പോൾ അതിൽ ഭർത്താവിന്റെ പേര് അന്യമതസ്ഥന്റെതായിരുന്നു. ആ സമയം രണ്ടാമത്തെ വിവാഹമോചനം നടന്നിരുന്നില്ല. അഖിലയുടെ പിതാവിന്റെ മരുമകനും റിട്ട. ബി.എസ്.എഫ്. ഉദ്യോഗസ്ഥനും ആന്റി കറപ്ഷൻ ആൻഡ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ ഫോറം ജില്ലാ പ്രസിഡന്റുമായ ബൈജു എം. ഭാസ്കർ ഇക്കാര്യം വളപട്ടണം പോലീസിൽ അറിയിച്ചിരുന്നു. ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളാണ് അഖിലയുടെ മരണവുമായി ബന്ധപെട്ട് ഉയരുന്നത്.