സ്വാതന്ത്ര്യ ദിനത്തിൽ കരിങ്കൊടി ഉയർത്തി മാവോയിസ്റ്റുകൾ

single-img
16 August 2020

കഴിഞ്ഞ ദിവസം രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനത്തിൽ കരിങ്കൊടി ഉയർത്തി പശ്ചിമ ബംഗാളിൽ മാവോയിസ്റ്റുകൾ. ദീർഘമായ ഒമ്പത് വര്‍ഷത്തെ മൗനത്തിന് വിരാമമിട്ടാണ് ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം ബഹിഷ്‌ക്കരിക്കണമെന്ന ആഹ്വാനത്തോടെ ജാർഗ്രാം ജില്ലയിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ അർദ്ധരാത്രി മാവോയിസ്റ്റുകള്‍ കരിങ്കൊടികൾ ഉയർത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് ജാർഗ്രാമിലെ ഭൂലവേദാ എന്ന പ്രദേശത്ത് നിന്നും പോലീസ് 25 പോസ്റ്ററുകളും കണ്ടെടുത്തതായി സംസ്ഥാന ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. ബംഗാളിലെ മാവോയിസ്റ്റ് നേതാവായ ജാബാ മഹാതോ ആണ് കരിങ്കൊടി ഉയർത്താൻ നേതൃത്വം നൽകിയതെന്ന് പശ്ചിമ ബംഗാൾ പോലീസ്അറിയിച്ചു .

ജാബാ മഹാതോയുടെ നേതൃത്വത്തിലുള്ള സിപിഐ (മാവോയിസ്റ്റ്) പ്രവർത്തകർ പകൽ സമയം തന്നെ പോസ്റ്ററുകൾ പതിപ്പിക്കുകയും കരിങ്കൊടി ഉയർത്തുകയും ജില്ലയിലെ ബേൽപാഹാരി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗ്രാമപ്രദേശത്തെ ജനങ്ങളുമായി സംസാരിച്ചതായും വിവരമുണ്ട്.

ഏകദേശം 24 മണിക്കൂറുകള്‍ മാവോയിസ്റ്റുകൾ പ്രദേശത്തെ നൂറോളം ഗ്രാമീണരുമായി സമയം ചിലവഴിച്ചു എന്നും റിപ്പോർട്ട് ഉണ്ട് . ഈ കൂടിക്കാഴ്ചയ്ക്കിടയിൽ ഗ്രാമീണർ തങ്ങളുടെ ഫോണുകൾ ഓഫ്‌ ചെയ്ത് വയ്ക്കണമെന്നും ജില്ലയിലെ നിരവധി ഗ്രാമങ്ങളിലെ ഗ്രാമപ്രമുഖരുമായും ജനങ്ങളുമായി മാവോയിസ്റ്റുകൾ ചർച്ച നടത്തിയതായും പോലീസ് പറയുന്നു.

2011ൽ സംസ്ഥാനത്തെ ജംഗൾമഹൽ പ്രദേശത്തുവച്ച് മാവോയിസ്റ്റ് ഗറില്ലാ നേതാവായ കിഷൻജി കൊല്ലപ്പെട്ട ശേഷം ഇവർ നിശ്ശബ്ദരായിരുന്നു. എന്നാൽ ഇപ്പോഴുള്ള ഈ നീക്കവും ഗ്രാമീണരെ സ്വാധീനിക്കാനുള്ള ശ്രമവും വീണ്ടും സജീവമാകാനുള്ള മാവോയിസ്റ്റുകളുടെ ഉദ്ദേശത്തെയാണ് സൂചിപ്പിക്കുന്നതെന്ന് പോലീസും ഇന്റലിജൻസ് ബ്യൂറോയും വ്യക്തമാക്കുന്നു.