സന്തോഷവാർത്ത: ക്രിക്കറ്റ് ആആരാധകർക്ക് ചിലപ്പോൾ ധോണിയുടെ ഒരു കളികൂടി കാണാം

single-img
16 August 2020

മുന്‍ ഇന്ത്യന്‍ നായകനും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ മഹേന്ദ്ര സിങ് ധോനി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത് രാജ്യം അമ്പരപ്പോടെയാണ് ശ്രവിച്ചത്. ഇന്ത്യക്ക് 2011ലെ ഏകദിന ലോകകപ്പും 2007ലെ പ്രഥമ ടി20 ലോകകപ്പും സമ്മാനിച്ച നായകനാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും ബഹളങ്ങളില്ലാതെ പടിയിറങ്ങുന്നത്. 2007ലെ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ്, 2013ലെ ചാമ്പ്യന്‍സ് ട്രോഫി കിരീടങ്ങള്‍ ഇന്ത്യക്ക് സമ്മാനിച്ച ധോനി ഐസിസിയുടെ ഈ മൂന്ന് കിരീടങ്ങളും നേടിയിട്ടുള്ള ഒരേയൊരു നായകൻ കൂടിയാണ്. 

ധോണിയുടെ ക്രിക്കറ്റ് മഹേന്ദ്രജാലം ഒരിക്കൽ കൂടി കാണണമെന്ന ആരാധകരുടെ മോഹം ചിലപ്പോൾ പുവണിഞ്ഞേക്കുമെന്നാണ് റിപ്പോർട്ടുകൾ. ജാർഖണ്ഡിനെ ലോകത്തിന് പരിചിതമാക്കിയ മഹേന്ദ്ര സിംഗ് ധോണിക്കായി വിടവാങ്ങൽ മത്സരം സംഘടിപ്പിക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഹേമന്ദ് സോറൻ രംഗത്തെത്തിയിരിഷക്കുകയാണ്. സംസ്ഥാനത്തിന്റെ എക്കാലത്തെയും സൂപ്പർതാരമായ ധോണിയുടെ വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെയാണ് ട്വിറ്ററിൽ ഹേമന്ദ് സോറൻ ഇക്കാര്യം അറിയിച്ചത്.

“ബി.സി.സി.ഐയോട് ധോണിക്കായി വിടവാങ്ങൽ മത്സരം നടത്താൻ ആവശ്യപ്പെടും. ജാർഖണ്ഡ് ആതിഥേയത്വം വഹിക്കുന്ന മത്സരത്തിന് ലോകം മുഴുവൻ സാക്ഷ്യം വഹിക്കും´´- സോറൻ ട്വീറ്റ് ചെയ്തു.

ജാർഖണ്ഡിന്റെ പുത്രൻ വീണ്ടും കളിക്കുന്നത് കാണാൻ രാജ്യം ആഗ്രഹിക്കുന്നുണ്ടെന്നും സോറൻ പറഞ്ഞു. ജാർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിലാണ് ധോണി തമാസിക്കുന്നത്.

 “മഹി,​ ഈ രാജ്യത്തിനും ജാർഖണ്ഡിനും മറക്കാനാവാത്ത ഒരുപാട് നിമിഷങ്ങൾ സമ്മാനിച്ചു. ഇന്ന് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ജാർഖണ്ഡിന്റെ പ്രിയപുത്രനെ നീല ജഴ്‌സിയിൽ ഇനി കാണാനാവില്ല. ‍ഞങ്ങൾ നാട്ടുകാരുടെ മനസുകൾ ഇനിയും നിറഞ്ഞിട്ടില്ല. റാഞ്ചിയിൽ വിടവാങ്ങൽ മത്സരത്തിൽ മഹി കളിക്കണം”. സോറൻ പറഞ്ഞു.

2019ലെ ഏകദിന ലോകകപ്പില്‍ കളിച്ച ശേഷം പിന്നീട് ഇന്ത്യന്‍ ടീമില്‍ ധോനി കളിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങി വരുന്നത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് മുന്‍ നായകൻ്റെ അപ്രതീക്ഷിത പ്രഖ്യാപനം എത്തിയത്. 

ഇൻസ്റ്റ​ഗ്രാം വീഡിയോയിലൂടെയാണ് ധോനി വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി പറയുന്നതായി വിരമിക്കല്‍ പ്രസ്താവനയില്‍ ധോനി വ്യക്തമാക്കി. ഇന്ന് രാത്രി 7.30 മുതൽ താൻ വിരമിച്ചതായി കണക്കാക്കാമെന്നാണ് ധോണി വീഡിയോയിലൂടെ വ്യക്തമാക്കിയത്. 

 ടെസ്റ്റിൽ നിന്ന് 2014ൽ തന്നെ താരം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഓസ്ട്രേലിയ്ക്കെതിരായ ടെസ്റ്റ് പരമ്പര നടക്കുമ്പോൾ അപ്രതീക്ഷിതമായിട്ടായിരുന്നു ടെസ്റ്റിൽ നിന്നുള്ള വിരമിക്കൽ. 90 ടെസ്റ്റുകളിൽ നിന്ന് 38.09 ശരാശരിയിൽ 4876 റൺസ് നേടി. ഇതിൽ ആറ് സെഞ്ച്വറികളും 33 അർധ സെഞ്ച്വറിയും ഉൾപ്പെടുന്നു. ടെസ്റ്റിൽ 256 ക്യാച്ചുകളും 38 സ്റ്റംപിങ്ങുകളുമുണ്ട്.

350 ഏകദിനങ്ങളിൽ നിന്ന് 50.57 റൺ ശരാശരിയിൽ 10,773 റൺസാണ് ധോനിയുടെ സമ്പാദ്യം. 10 സെ‍ഞ്ച്വറികളും 73 അർധ സെഞ്ച്വറികളും ഇതിലുൾപ്പെടുന്നു. കരിയറിന്റെ തുടക്ക കാലത്ത് പാകിസ്ഥാനെതിരെ പുറത്താകാതെ നേടിയ 183 റൺസാണ് ഉയർന്ന സ്കോർ. 

ഇന്ത്യ കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പറായ ധോനിയുടെ പേരിൽ ഏകദിനത്തിൽ മാത്രം 321 ക്യാച്ചുകളും 123 സ്റ്റംപിങ്ങുകളുമുണ്ട്. ഇതിനിടെ രണ്ട് ഏകദിനങ്ങളിൽ ബൗൾ ചെയ്ത ധോനി ഒരു വിക്കറ്റും നേടി. ഏകദിനത്തിലെ ബെസ്റ്റ് ഫിനിഷർ ആയി അറിയപ്പെടുന്ന താരം കൂടിയാണ് ക്യാപ്റ്റൻ കൂൾ എന്നറിയപ്പെടുന്ന ധോണി.