ഗൂഡാലോചനയിലൂടെ പുറത്താക്കിയതിനു മറുപടി എൽഡിഎഫിലൂടെ നൽകണം: സും മീറ്റിങ്ങുകൾ പൂർത്തിയാക്കി ജോസ് കെ മാണി വിഭാഗം

single-img
16 August 2020

എൽഡിഎഫിലേക്ക് പോകണമെന്ന ജോസ് കെ മാണിയുടെ രാഷ്ട്രീയ നിലപാടിന് ഒടുവിൽ അണികളുടെ ഐക്യദാർഢ്യം. ഇതോടെ കേരള രാഷ്ട്രീയത്തില്‍ ഉടൻ വന്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് ഉറപ്പായി. ജോസ് വിഭാഗം എൽഡിഎഫിനൊപ്പമാണെന്ന പ്രഖ്യാപനം തിരഞ്ഞെടുപ്പിനു മുൻപുണ്ടാകുമെന്നാണ് സൂചനകൾ. ഇത് സംബന്ധിച്ച ധാരണ ജോസ് പക്ഷവും ഉറപ്പാക്കിയിട്ടുണ്ട്. പുതിയ സമവാക്യം രൂപപ്പെടുന്നതോടെ, വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് കൂടുതൽ നേട്ടമുണ്ടാക്കാമെന്നുള്ള കണക്കുകൂട്ടലും എൽഡിഎഫ് കേന്ദ്രങ്ങൾ നൽകുന്നു. 

കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി നേതാക്കൾ, വിവിധ ജില്ലാ ഭാരവാഹികൾ, നിയോജക മണ്ഡലം ഭാരവാഹികൾ, പോഷക സംഘടനാ നേതാക്കൾ തുടങ്ങിയവരുമായി കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സൂം മീറ്റിങ്ങുകളിലായിരുന്നു അണികളുടെ ഐക്യദാർഢ്യം വ്യക്തമായത്. തിരഞ്ഞെടുപ്പിനെ ആത്മാഭിമാനത്തിന്റെ പ്രശ്നമായി കണ്ടു നേരിടാമെന്നാണ് അണികൾക്ക് ജോസ് കെ മാണി നൽകിയിട്ടുള്ള സന്ദേശം.

14 ജില്ലാ നേതൃയോഗവും നിയോജക മണ്ഡലം സമ്പൂർണ്ണമ്മേളനങ്ങളും ഇതിനകം സൂം മീറ്റിങ്ങുകളിലൂടെ പൂർത്തിയാക്കി. വാർഡ്തല യോഗം കൂടി ചേരുന്നതോടെ വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഒന്നാംഘട്ട ഒരുക്കങ്ങൾ ആദ്യം പൂർത്തിയാക്കുന്ന പാർട്ടിയായി ജോസ് കെ മാണി വിഭാഗം കേരള കോൺഗ്രസ് (എം) മാറും. സിപിഎമ്മാണ് ഇക്കാര്യത്തിൽ രണ്ടാമതുള്ളത്.

38 വർഷം ഒപ്പം നിന്ന പാർട്ടിയെ കോൺഗ്രസ്സ്, ഗൂഢാലോചനയിലൂടെ പുറത്താക്കിയെന്ന വികാരം പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മൂന്നു നാല് മാസം മുൻപ് തന്നെ അണികളെ കർമനിരതരാക്കിയിട്ടുണ്ട് എന്ന് നേതൃയോഗം വിലയിരുത്തി.

ലിറ്റ്മസ് ടെസ്റ്റ് ആയിരിക്കും തദ്ദേശ തിരഞ്ഞെടുപ്പ് എന്നതിനാൽ, ഏറ്റവും ആദ്യം രാഷ്ട്രീയ നീക്കങ്ങൾ പൂർത്തിയാക്കുന്നതിനുള്ള ഒരുക്കങ്ങളിലാണ് കേരള കോൺഗ്രസ് (എം) നേതാക്കൾ. ആവശ്യമില്ലാതെയുള്ള പ്രതിപക്ഷ ആക്രമണമുണ്ടായപ്പോൾ പിണറായി സർക്കാരിൻ്റെ പ്രവർത്തനങ്ങളെ ജോസ് ശ്ലാഖിച്ചതും തന്റെ നിലപാട് വ്യക്തമാക്കാനായിരുന്നു.

എങ്കിലും, എൽഡിഎഫിലേക്ക് സ്വാഗതം ചെയ്യപ്പെടാൻ നയം വ്യക്തമാക്കണമെന്ന് ജോസ് വിഭാഗത്തിനറിയാം. അതിനു മുന്നോടിയായാണ് നിയോജക മണ്ഡലം സമ്പൂർണ്ണമ്മേളനങ്ങൾ ഇപ്പോൾ നടത്തിയത്. ഏതെങ്കിലും മുന്നണിയുടെ ഭാഗമല്ലാതെ മുന്നോട്ട് പോകാനാവില്ലെന്നും അതിനാൽ പ്രായോഗിക രാഷ്ട്രീയത്തെ തള്ളിപ്പറയരുതെന്നുമുള്ള നിലപാടായിരുന്നു ജില്ലാ ഭാരവാഹികളും കൈക്കൊണ്ടത്.

സിപിഐയുടെ മാത്രം എതിര്‍പ്പുയരുന്നത് ജോസിന്റെ ഇടതുമുന്നണി പ്രവേശനത്തിന് വെല്ലുവിളിയാകില്ല എന്നാണ് റിപ്പോർട്ട്. മധ്യതിരുവിതാംകൂറില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍, ജോസ് കെ മാണിയുടെ വരവ് വന്‍ നേട്ടമാകുമെന്ന കണക്കുകൂട്ടലിലാണ് സിപിഐഎം. അതിനാൽ ഫോർമുലകൾ വച്ച് പ്രശ്നങ്ങൾ ഉടൻ പരിഹരിക്കാനാകും ശ്രമം.

നിലവിൽ ജോസ് പക്ഷത്തിനായി സിപിഐഎം എൽഡിഎഫ് വാതിൽ തുറന്നിട്ടിരിക്കുകയാണ്. ‘നിലപാടുള്ള പാര്‍ട്ടി’യാണ് ജോസിന്റേതെന്ന് പിണറായി വ്യക്തമാക്കിയിരുന്നു. പിന്നാലെ കോടിയേരിയും വിജയരാഘവനും അവരെ പിന്തുണച്ചു. ഇത്തരം അവസരങ്ങൾ ലഭിക്കുമ്പോൾ ഉടൻ ഉപയോഗപ്പെടുത്തുകയും പാർട്ടിയെ ശക്തിപ്പെടുത്തുകയും ചെയ്യണമെന്നു തന്നെയാണ് ജോസ് വിഭാഗം നേതാക്കൾക്കുള്ളത്. എങ്കിലും ‘തങ്ങളോടൊപ്പം ഉള്ളവരുടെ തലയെണ്ണുക’ എന്ന ഉദ്യമം കഴിഞ്ഞു മതി തീരുമാനം എന്നതിനാലാണ് തിരക്കിട്ടു നിയോജക മണ്ഡലം സമ്പൂർണ്ണമ്മേളനങ്ങൾ പൂർത്തിയാക്കിയത്.

അതേസമയം, ഏഴെണ്ണം മികച്ച ഭൂരിപക്ഷ സാധ്യതാ സീറ്റ് ആണെന്ന് ജോസ് വിഭാഗം വ്യക്തമാക്കിയിരുന്നു. മൂന്നെണ്ണം കൂടി ചേർത്ത് പത്ത് സീറ്റുകള്‍ കേന്ദ്രീകരിച്ചായിരിക്കും വരും ദിവസങ്ങളിൽ ചർച്ചകൾ ഉണ്ടാകുക. പൂഞ്ഞാര്‍, പാല, ചങ്ങാനശ്ശേരി, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, ഇടുക്കി, തൊടുപുഴ, തിരുവല്ല, വടക്കാഞ്ചേരി കൂടാതെ എറണാകുളത്തെ ഏതെങ്കിലും മണ്ഡലവുമാകും ജോസ് വിഭാഗത്തിന് അവകാശപ്പെടാനാകുക. ജോസ് പക്ഷത്തോടൊപ്പം എന്‍സിപിയുമായുള്ള ചര്‍ച്ചകളും സിപിഐഎം നേതൃത്വത്തിൽ തുടരും.

കേരളത്തില്‍ ഭരണത്തുടര്‍ച്ച ഉറപ്പാണെന്ന വിശ്വാസം ഇടതുമുന്നണി പ്രവർത്തകർക്കുണ്ട്. കേരള കോണ്‍ഗ്രസിന്റെ കൂടി സഹായമുണ്ടാകും എന്നതിനാൽ LDF ക്യാമ്പിന് ഇനി കൂടുതൽ ആത്മവിശ്വാസത്തോടെ കരുക്കൾ നീക്കാം.