മഞ്ഞുരുകുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാതന്ത്ര്യ ദിനാശംസകൾ അറിയിച്ച് നേപ്പാൾ പ്രധാനമന്ത്രി

single-img
16 August 2020

ഇന്ത്യയുടെ 74ാം സ്വാതന്ത്ര്യ ദിനമായിരുന്ന ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാജ്യത്തിനും ആശംസകൾ അറിയിച്ച് നേപ്പാൾ പ്രധാനമന്ത്രി ശർമ്മ ഒലി. ഇന്ത്യയുടെ പ്രദേശങ്ങളെ ഉൾപ്പെടുത്തി നേപ്പാൾ ഭൂപടം തയ്യാറാക്കിയതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലുണ്ടായ വിള്ളൽ അടയുന്നതിൻ്റെ സൂചനകളായാണ് ഈ ഫോൺ വിളിയെ നിരീക്ഷകർ കാണുന്നത്. 

നയതന്ത്ര പ്രശ്നങ്ങൾക്ക് ശേഷം ആദ്യമായിട്ടായിരുന്നു ഇരു നേതാക്കളും തമ്മിൽ സംസാരിക്കുന്നത്. പതിനൊന്ന് മിനുറ്റോളം ആ ഫോൺ കോൾ നീണ്ടുനിന്നു.കൂടാതെ ഇന്ത്യയ്ക്ക് ആശംസയറിയിച്ച് ഒലി ട്വീറ്റും ചെയ്തിട്ടുണ്ട്. ഇത് റീട്വീറ്റ് ചെയ്തുകൊണ്ട് മോദി അദ്ദേഹത്തോട് നന്ദി പറയുകയും ചെയ്തുകഴിഞ്ഞു. 

ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് നേപ്പാള്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചതായി റിപ്പോർട്ടുണ്ട്. ഇന്ത്യ- നേപ്പാൾ പ്രധാനമന്ത്രിമാര്‍ ഭാവിയില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ തുടരാന്‍ ധാരണയായെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. എന്നാൽ അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രസ്താവനയില്‍ പറയുന്നില്ല. ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെ നടക്കുന്ന പദ്ധതികളുടെ അവലോകനം നാളെ നടക്കുമെന്നുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.