എസ്.പി.ബി ദൈവത്തെ പോലെ, നിറകണ്ണുകളോടെ ഖുശ്‌ബു ..!

single-img
16 August 2020

കോവിഡ് ബാധിതനായി ആശുപത്രിയിൽ കഴിയുന്ന ​ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിനായി പ്രാർഥനയിലാണ് ആരാധകരും സഹപ്രവർത്തകരും.താൻ ദൈവത്തിന് സമമായി കാണുന്ന എസ്പിബിയുടെ തിരിച്ചു വരവിനായുള്ള കാത്തിരിപ്പിലാണെന്ന് പറയുകയാണ് നടി ഖുശ്ബു. ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ച വീഡിയോയിലാണ് ഖുശ്ബു എസ്പിബിയെ കുറിച്ച് മനസ് തുറന്നത്. രാവിലെ എഴുന്നേറ്റ് എങ്ങനെ ദൈവത്തെ പ്രാർഥിക്കുന്നുവോ അതുപോലെ എല്ലാ ദിവസവും അദ്ദേഹത്തിന്റെ പാട്ടുകൾ കേൾക്കാതെ തനിക്ക് ജീവിക്കാനാവില്ലെന്ന് ഖുശ്ബു പറയുന്നു.

ഖുശ്ബുവിന്റെ വാക്കുകൾ;

എന്തു പറയണം എന്ന് അറിയില്ല. നിത്യ ജീവിതത്തിൽ എപ്പോഴും കൂടെ ഉള്ള ആളാണ്. അവർ ഇല്ലാത്ത ഒരു ജീവിതവും ആലോചിക്കാനാകില്ല. രാവിലെ എഴുന്നേറ്റ് ദൈവത്തെ പ്രാർഥിക്കുന്നുവോ അതുപോലെ എല്ലാ ദിവസവും അദ്ദേഹത്തിന്റെ പാട്ടുകൾ കേൾക്കാതെ ആർക്കും ജീവിക്കാനാവില്ല.എന്നേക്കൊണ്ട് സാധിക്കില്ല. ഞാൻ രാവിലെ അവരുടെ പാട്ടുകൾ കേൾക്കുന്നു. ഭക്ഷണം കഴിക്കുമ്പോൾ പാട്ടു കേൾക്കുന്നു. ജോലി ചെയ്യുമ്പോൾ അവരുടെ പാട്ടുകൾ കേൾക്കുന്നു. ഉറങ്ങുമ്പോൾ പാട്ടുകേൾക്കുന്നു. എനിക്ക് അദ്ദേഹം ദൈവത്തെ പോലെയാണ്. എന്റെ ഫോണിൽ എസ്‍പിബി ദ ഗോഡ് എന്നാണ് ഞാൻ അദ്ദേഹത്തിൻറെ നമ്പർ സൂക്ഷിച്ചിരിക്കുന്നത്… ദൈവത്തെപ്പോലെയാണ് ഞാൻ കാണുന്നത്.

എന്നെപ്പോലെ ലോകത്ത് കോടിക്കണക്കിന് പേർ, ആരാധകർ കാത്തിരിക്കുന്നു അദ്ദേഹത്തിൻറെ തിരിച്ചുവരവാനായി. കോവിഡ് ബാധിച്ച് ആശുപത്രിയിലാണ് അദ്ദേഹം. ഗുരുതരാവസ്ഥയിലാണെന്ന് ഡോക്ടർമാർ പറയുന്നു. പക്ഷേ അദ്ദേഹം തിരിച്ചുവരും. തിരിച്ചുവന്ന് പാട്ടുപാടണം.ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടാവണം. അദ്ദേഹത്തെ കണ്ട് സംസാരിക്കണം, അദ്ദേഹത്തെ കെട്ടിപ്പിടിക്കണം, പാട്ടു കേൾക്കണം, അതുകൊണ്ട് അങ്ങേക്കായി ഞങ്ങൾ കാത്തിരിക്കുന്നു. നിങ്ങൾ വരും. നിങ്ങൾ കരുത്തനാണ്. ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. ഞങ്ങൾക്കായി തിരിച്ചു വരൂ.. കാത്തിരിക്കുന്നു..