ടിക് ടോക്ക് തിരിച്ചു വരുമോ ? റിലയന്‍സ് ജിയോയുടെ പുതിയ നീക്കം ഇങ്ങനെ

single-img
15 August 2020

ചൈനീസ് കമ്പനിയെന്ന പേരുദോഷം തന്നെയാണ് ടിക്ടോക്കിനെ ഇന്ത്യയില്‍ നിന്നും വിലക്കാൻ പ്രധാനകാരണം. എന്നാൽ ഇപ്പോൾ ടിക് ടോക്ക് പുതിയ സാധ്യതകള്‍ തേടുകയാണെന്ന റിപ്പോർട്ട് ആണ് പുറത്ത് വരുന്നത്. ടിക് ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ് ഡാന്‍സം അത്തരത്തിലുള്ള സൂചനകളാണ് തരുന്നത്. ടിക്ടോക്കിന്റെ ഇന്ത്യാ പ്രവര്‍ത്തനം തദ്ദേശീയ കമ്പനിക്ക് നല്‍കി ആപ്പിനെ തിരികെയെത്തിക്കാന്‍ ബൈറ്റ് ഡാന്‍സ് ശ്രമിക്കുന്നുണ്ട് . ജൂണ്‍ 29 നാണ് ടിക്ടോക്ക് അടക്കം 58 ചൈനീസ് ആപ്പുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തി രംഗത്തെത്തിയത്.

ചൈനയ്ക്ക് പുറത്ത് ടിക്ടോക്കിന്റെ ഏറ്റവും വലിയ വിപണിയായിരുന്നു ഇന്ത്യ. അത്രയേറെ ആരാധകർ അതായത് , 20 കോടിയില്‍പ്പരം ഉപയോക്താക്കള്‍ ഇന്ത്യയില്‍ മാത്രം കമ്പനിക്കുണ്ടായിരുന്നു . നിലവില്‍ 3 ബില്യണ്‍ ഡോളര്‍ മൂല്യമുണ്ട് ടിക്ടോക്കിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക്. ഇത്രയും നാളത്തെ കഷ്ടപ്പാട് വെറുതെ ആകാതിരിക്കാന്‍ ടിക്ടോക്കിന്റെ ഇന്ത്യാ ബിസിനസ് റിലയന്‍സിന് കൈമാറാനാണ് ബൈറ്റ് ഡാന്‍സിന്റെ പുതിയ ആലോചന. അതേസമയം, വിഷയത്തില്‍ ബൈറ്റ് ഡാന്‍സോ റിലയന്‍സോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്തായാലും ടിക്ടോക്കിനെ ഏറ്റെടുക്കുന്നത് ഇന്ത്യന്‍ ഉപയോക്താക്കളിലേക്ക് ആഴത്തില്‍ കടന്നെത്താന്‍ റിലയന്‍സിനെ കൂടുതല്‍ സഹായിക്കും.

ഇന്ത്യയിൽ ടിക്ടോക്കിനെ സപ്പോർട്ട് ചെയ്യുന്നതിനായി ബൈറ്റ്‌ഡാൻസ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡുമായി ചർച്ചകൾ നടത്തിവരികയാണെന്ന് ടെക്ക്രഞ്ചിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇരു കമ്പനികളും തമ്മിലുള്ള ചര്‍ച്ചകള്‍ പ്രാഥമിക ഘട്ടത്തിലാണ്. കഴിഞ്ഞ മാസം അവസാനം മുതൽ ഈ ചർച്ചകൾ ആരംഭിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ. ഇതുവരെയായും ഇക്കാര്യത്തിൽ ഔദ്യോഗികമായി തീരുമാനം ഉണ്ടായിട്ടില്ല. ഇന്ത്യയിലെ ടിക് ടോക്കിന്റെ ബിസിനസ്സിന്റെ മൂല്യം 3 ബില്യൺ ഡോളറിലധികമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇന്ത്യയിലെ ജീവനക്കാരെ നിലനിര്‍ത്താനുള്ള ശ്രമവും സമാന്തരമായി ബൈറ്റ് ഡാന്‍സ് നടത്തുന്നുണ്ട്. ജീവനക്കാരെ പിരിച്ചുവിടാന്‍ താല്‍പര്യമില്ലെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരുമായി ബൈറ്റ് ഡാന്‍സ് ചര്‍ച്ച നടത്തുന്നുണ്ട്. ഇന്ത്യയിലെ ബിസിനസ് റിലയന്‍സിന് നല്‍കാന്‍ ഉദ്ദേശിക്കുന്നതുപോലെ അമേരിക്ക, ഓസ്ട്രേലിയ, യൂറോപ്പ് പോലുള്ള ഇടങ്ങളില്‍ ടിക്ടോക്കിന്റെ പ്രവര്‍ത്തനങ്ങള്‍ മൈക്രോസോഫ്റ്റിന് നല്‍കാനും ബൈറ്റ് ഡാന്‍സ് ഒരുങ്ങുകയാണ്