ആറുലക്ഷം ഗ്രാ‍മങ്ങളിൽ ഒപ്റ്റിക്കൽ ഫൈബർ നെറ്റ് വർക്ക് എത്തിക്കും; സ്വന്തം കാലിൽ നിൽക്കേണ്ടത് രാജ്യത്തിന്റെ ആവശ്യം: പ്രധാനമന്ത്രി നരേന്ദ്ര മോദി

single-img
15 August 2020

സ്വന്തം കാലിൽ നിൽക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തീരുമാനിച്ചത് നടത്തിയെടുത്ത ചരിത്രമാണ് ഇന്ത്യയുടേത്. ലക്ഷക്കണക്കിന് രാജ്യസ്നേഹികളുടെ ത്യാഗത്തിന്റെ ഫലമാണ് സ്വാതന്ത്ര്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യദിനാഘോഷത്തിന് തുടക്കം കുറിച്ച് ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡിനെതിരെ പോരാടുന്നവര്‍ക്ക് ആദരമര്‍പ്പിച്ച പ്രധാനമന്ത്രി, രാജ്യത്തിന്‍റെ പോരാട്ടം വിജയിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ രാജ്യത്തിന് നൽകുന്നത് മഹനീയ സേവനമാണ്. നിശ്ചയദാര്‍ഢ്യം കൊണ്ട് കൊവിഡ് പ്രതിസന്ധിയെ മറികടക്കാൻ സാധിക്കും. കേന്ദ്രവും സംസ്ഥാനങ്ങളും ഇതിനായി ഒന്നിച്ച് നിൽക്കും. അതിര്‍ത്തിയിലെ കടന്നാക്രമണത്തെയും പ്രധാനമന്ത്രി വിമര്‍ശിച്ചു. ചൈനയെ പരോക്ഷമായി വിമര്‍ശിച്ച അദ്ദേഹം വെട്ടിപ്പിടിക്കൽ നയത്തെ ഇന്ത്യ എന്നും എതിര്‍ത്തിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. 

അസംസ്കൃത വസ്തുക്കൾ കയറ്റി അയച്ച് ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യേണ്ടതില്ല. ഉൽപാദനരംഗം മാറണം. ലോകോത്തര ഉൽപ്പന്നങ്ങൾ ഇന്ത്യ നിർമിക്കണം. തദ്ദേശീയ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കണം. മെഡിക്കൽ ടൂറിസത്തിനും സാധ്യതകളുണ്ട്. സാമ്പത്തിക വികസനത്തിനൊപ്പം നൈപുണ്യ വികസനവും അനുവാര്യമാണ്. അടിസ്ഥാന സൗകര്യവും വികസിക്കണം. വിവിധ ഗതാഗത മാർഗങ്ങളെ ബന്ധിപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യ സമര സേനാനികളെയും, രാജ്യത്തിന് വേണ്ടി പോരാടിയവരെയും ഓര്‍മ്മിക്കേണ്ട ദിനം കൂടിയാണ് ഇന്ന്. ആത്മനിര്‍ഭര്‍ ഭാരത് 130 കോടി ജനങ്ങളുടെ മന്ത്രമാണ്. സാമ്പത്തിക വളര്‍ച്ചക്കും വികസനത്തിനുമാണ് ഊന്നൽ നൽകുന്നത്. മാനുഷിക മൂല്യങ്ങള്‍ക്കും അതിൽ നിര്‍ണായക സ്ഥാനമുണ്ട്. നേരിട്ടുള്ള വിദേശനിക്ഷേപത്തിൽ എല്ലാ റെക്കോർഡുകളും ഇന്ത്യ മറികടന്നു. പ്രകൃതി ദുരന്തങ്ങൾക്കിടയിലും രാജ്യം ആത്മവിശ്വാസത്തോടെ മുന്നോട്ടു പോയി. പ്രകൃതി ദുരന്തങ്ങൾക്ക് ഇരയായവര്‍ക്ക് അര്‍ഹമായ സഹായം ലഭിക്കും. 

പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്ത് 110 ലക്ഷം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കും. 7000 പദ്ധതികൾ ഇതിന് കീഴിൽ കണ്ടെത്തി. വിവിധ അടിസ്ഥാനസൗകര്യങ്ങൾ സംയോജിക്കും. 2 കോടി വീടുകളിൽ ഒരു വർഷത്തിൽ കുടിവെള്ളം എത്തിച്ചു. 6 ലക്ഷം ഗ്രാമങ്ങളിൽ ഒപ്റ്റിക്കൽ ഫൈബർ എത്തിക്കും. 1000 ദിവസത്തിനുള്ളിൽ ഇത് പൂർത്തിയാക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.