പ്ലസ്​ വൺ ഏകജാലക പ്രവേശനം; ആഗസ്റ്റ് 20 വരെ അപേക്ഷിക്കാം

single-img
15 August 2020

പത്താം ക്ലാസ് പാസായവര്‍ക്ക് സംസ്ഥാനത്ത് പ്ലസ്​ വൺ ഏകജാലക പ്രവേശനത്തിനായി അപേക്ഷ സമര്‍പ്പിക്കാനുള്ള തിയതി ആഗസ്​റ്റ്​ 14ൽ നിന്ന്​ 20 വരെ നീട്ടി. മുന്നോക്കക്കാരിലെ പിന്നാക്കക്കാർക്ക്​ പത്ത്​ ശതമാനം സംവരണം ഏർപ്പെടുത്തി സർക്കാർ ഉത്തരവ്​ ഇറങ്ങിയ സാഹചര്യത്തിലാണ് പുതിയ തീരുമാനം.

അതേസമയം പ്രവേശന ഷെഡ്യൂളിലും മാറ്റം വരുത്തിയിട്ടുണ്ട്. അപേക്ഷകള്‍ ലഭിച്ചുകഴിഞ്ഞാല്‍ സെപ്റ്റംബർ 7നാണ് ഒന്നാം അലോട്ട്മെന്റ് നടക്കുക. പിന്നീടുള്ള ട്രയൽ അലോട്ട്​മെൻറ്​​ 24 ലേക്ക് നീട്ടുകയും ചെയ്തു. അടുത്ത മാസം 29ന് മുഖ്യ അലോട്ട്​മെൻറ്​​ അവസാനിക്കും.

അതിന് ശേഷമുള്ള സപ്ലിമെൻററി അലോട്ട്​മെൻറ് ഒക്​ടോബർ മൂന്നുമുതൽ 23 വരെയായിരിക്കും​. ഒക്​ടോബർ 23നായിരിക്കും​ പ്രവേശനം അവസാനിപ്പിക്കുക. സര്‍ക്കാര്‍ ഉത്തരവിലെ പുതിയ സംവരണത്തിനനുസൃതമായി പ്രവേശന പ്രോസ്​പെക്​ടസിലും മാറ്റം വരുത്തിയിട്ടുണ്ട്. ​ഇത് പ്രകാരം പ്രോസ്​പെക്​ടസിന്റെ അനുബന്ധം ഒന്ന്​ മാതൃകയിലുള്ള സർട്ടിഫിക്കറ്റ്​ അല്ലെങ്കിൽ അനുബന്ധം രണ്ട്​ മാതൃകയിലുള്ള ഇൻകം ആൻഡ്​​ അസറ്റ്​സ്​ സർട്ടിഫിക്കറ്റ്​ വില്ലേജ്​ ഓഫിസുകളിൽനിന്ന് നേടുന്നവർക്കാകും സംവരണത്തിനുള്ള​ അർഹത ഉണ്ടായിരിക്കുക. കൂടുതല്‍ വിവരങ്ങള്‍ www.hscap.kerala.gov.in ൽ ലഭ്യമാണ്​.