മഹേന്ദ്രസിംഗ് ധോണി വിരമിച്ചു

single-img
15 August 2020

ഇന്ത്യന് ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധോണി വിരമിച്ചു. സോഷ്യൽ മീഡിയയിൽ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ വീഡിയോയിലൂടെയായിരുന്നു താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

ഇന്ത്യയ്ക്കായി ടി-20 ലോകകപ്പും ഏകദിന ലോകകപ്പും ചാംപ്യന്‍സ് ട്രോഫിയും വിജയിച്ച ഏക ക്യാപ്റ്റനും ധോണിയാണ്. 2019 ൽ നടന്ന ഏകദിന ലോകകപ്പിന് ശേഷം ധോണി ക്രിക്കറ്റ് കളിച്ചിട്ടില്ല. വിരമിച്ചെങ്കിലും ഐപിഎല്ലില്‍ തുടരാനാണ് ധോണിയുടെ തീരുമാനം.

മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിലാണ് ഇന്ത്യ 28 വർഷത്തിന് ശേഷം 2011 – ൽ ലോകകപ്പ് കിരീടം നേടിയത്. അന്ന് 91 റൺസായിരുന്നു ഫൈനലിൽ ധോണിയുടെ നേട്ടം. അതോടുകൂടി ഏകദിന ലോകകപ്പും ട്വന്റി 20 ലോകകപ്പും ഏറ്റുവാങ്ങിയ ഒരേയൊരു ക്യാപ്റ്റൻ എന്ന പദവി ധോണി സ്വന്തമാക്കുകയായിരുന്നു.

അതേപോലെ, 2013 ലെ ഹൈദരാബാദ് ടെസ്റ്റിൽ ഓസീസിനെ തോൽപ്പിച്ചതോടെയാണ് ഏറ്റവും കൂടുതൽ ടെസ്റ്റ് ക്രിക്കറ്റ് വിജയങ്ങൾ കരസ്ഥമാക്കിയ ഇന്ത്യൻ ക്യാപ്റ്റൻ എന്ന ബഹുമതി നേടിയത്. അന്ന് സൗരവ് ഗാംഗുലിയുടെ റെക്കോർഡ് പിൻതള്ളി 22 ടെസ്റ്റിലാണ് ധോണി ക്യാപ്റ്റനായുള്ള ഇന്ത്യൻ ടീം വിജയിച്ചത്.