ഓണക്കാലത്ത് പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി

single-img
15 August 2020

ഓണം അടുത്തതോടെ മറ്റുള്ള സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് നാട്ടിലേക്കെത്താനായി കെഎസ്ആര്‍ടിസിയുടെ അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു . ഇന്ന്ഓണ്‍ലൈനായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന ഗതാഗത മന്ത്രി എ കെ ശശീന്ദ്രനാണ് ഇത് വ്യക്തമാക്കിയത്. യാത്രക്കാര്‍ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചതായും ഗതാഗതമന്ത്രി പറഞ്ഞു.

യാത്ര ചെയ്യേണ്ടവര്‍ സംസ്ഥാനത്തിന്റെ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ ആണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.അതേപോലെതന്നെ ഇന്ന് മുതല്‍ കെഎസ്ആര്‍ടിസി റിസര്‍വേഷന്‍ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആരോഗ്യ വകുപ്പിന്റെ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ടായിരിക്കും യാത്ര.

ഓണത്തിന് കര്‍ണാടകയിലേക്ക് സ്‌പെഷ്യല്‍ സര്‍വീസ് നടത്തുമെന്നും എല്ലാ യാത്രക്കാരും കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതും യാത്രയ്ക്ക് മുമ്പ് കേരളത്തിലേക്കുള്ള യാത്രാ പാസ് കരുതേണ്ടതുമാണ്. ഏതെങ്കിലും കാരണത്താല്‍ ആവശ്യപ്പെട്ടാല്‍ അത് ഹാജരാക്കേണ്ടതുമാണ്.

യാത്രാ സമയം യാത്രക്കാര്‍ മാസ്‌ക് ധരിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക തുടങ്ങിയ നിയന്ത്രണങ്ങള്‍ പാലിക്കണം എന്നത് ഉറപ്പാക്കേണ്ടതാണ് എന്നും ഗതാഗത മന്ത്രി പറഞ്ഞു. യാത്രക്കാര്‍ യാത്രയുടെ മുന്‍പ് ആരോഗ്യ സേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ഏതെങ്കിലും കാരണത്താല്‍ മതിയായ യാത്രക്കാരില്ലെങ്കില്‍ സര്‍വീസ് റദ്ദാക്കുകയോ, തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ അനുമതി നിഷേധിക്കുകയോ ചെയ്താല്‍ യാത്രക്കാര്‍ക്ക് തുക പൂര്‍ണ്ണമായും തിരിച്ച് നല്‍കുമെന്നും മന്ത്രി അറിയിച്ചു.