വൈറസ് വിലക്കേര്‍പ്പെടുത്തി, നിറം മങ്ങിയ സ്വാതന്ത്ര്യദിനം

single-img
15 August 2020

സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തില്‍ ഇത്ര നിറം കുറഞ്ഞ ഒരു സ്വാതന്ത്ര്യദിനാഘോഷമുണ്ടായിട്ടുണ്ടാവില്ല. മനുഷ്യന്റെ സര്‍വസ്വത്തിനും ഒരു വൈറസ് വിലക്കേര്‍പ്പെടുത്തിയപ്പോള്‍ ചരിത്രത്തെ പോലും മാറ്റിക്കുറിക്കുന്നതാണ് പിന്നീട് സംഭവിച്ചത്. പതാക ഉയര്‍ത്താന്‍ പോലും പ്രമുഖരില്ലാതെ,പായസത്തിന്റെ മധുരമില്ലാതെ,ത്രിവര്‍ണ പതാക പോലും കാര്യമായി വില്‍പ്പന നടത്താത്ത ഒരു സ്വാതന്ത്ര്യ ദിനാഘോഷം.

കുഞ്ഞുകുട്ടികളുടെ ഘോഷയാത്രയും പായസവിതരണവുമെല്ലാമായി നിറഞ്ഞ് നിന്ന സ്വാതന്ത്ര്യ ദിനം. കണ്ണില്‍ കാണാത്ത വെറസിന് മുന്നില്‍ മനുഷ്യന്‍ തലുകുനിക്കേണ്ടി വന്നപ്പോള്‍ സ്വന്തം കൈവിരലിനെ പോലും വിശ്വാസമില്ലാതെ വീട്ടിലിരിക്കേണ്ട അവസ്ഥയിലായി കുട്ടികള്‍ പോലും. പലയിടങ്ങളിലും പതാക ഉയര്‍ത്തേണ്ട പ്രമുഖര്‍ നിരീക്ഷണത്തിലോ, കോവിഡ് രോഗികളോ ആയി മാറിയിരിക്കുന്നു. സ്വപ്‌നത്തില്‍ പോലും പതാക ഉയര്‍ത്താന്‍ കഴിയുമെന്ന് പ്രതീക്ഷയില്ലാത്തവര്‍ ജില്ലകളെ പ്രതിനിധീകരിച്ച് പതാക ഉയര്‍ത്തി. മന്ത്രിമാരും പരിവാരങ്ങളുമില്ലാതെ തികച്ചും നിറം മങ്ങിയ സ്വാതന്ത്ര്യ ദിനാഘോഷം.

കോവിഡ് 19 എന്ന വൈറസും കരിപ്പൂരിലെ വിമാനപകടവും പെട്ടിമുടിയിലെ ദുരന്തവുമൊക്കെ നിറമങ്ങിയ ഈ സ്വാതന്ത്രദിനത്തിന് പിന്നില്ലേ വസ്തുതകളാണ്. ഈയൊരു പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൊവി‍ഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്വാതന്ത്ര്യദിനാഘോഷം നടക്കുകയായിരുന്നു . മുഖ്യമന്ത്രി കൊവിഡ് നിരീക്ഷണത്തിൽ ആയതിനാൽ തിരുവനന്തപുരത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ദേശീയ പതാക ഉയർത്തി. സ്വാതന്ത്ര്യമെന്നത് എത്രത്തോളം വിലപ്പെട്ടതാണ് എന്ന് തിരിച്ചറിയുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

കൊവിഡ് നമ്മുടെ ദൈനംദിന ജീവിതത്തെ ബാധിച്ചു. അതിജീവിക്കാനുള്ള പോരാട്ടമാണ് നാം നടക്കുന്നതെന്നും കൂടുതൽ ജാഗരൂകരാകണമെന്നും കടകംപള്ളി സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ മുന്നണി പോരാളികളായ ആരോഗ്യ പ്രവർത്തകരെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നേരിൽ കണ്ട് ആദരം അറിയിച്ചു.