ചൈനീസ് ഇറക്കുമതികൾക്ക് ഇന്ത്യയിൽ ഇനി ‘നോ രക്ഷ’

single-img
15 August 2020

ചൈനീസ് കമ്പനികള്‍ക്കും ചൈനയിൽ നിന്നുള്ള ഇറക്കുമതികൾക്കും ഇനി ഇന്ത്യയിൽ നിയന്ത്രങ്ങൾ കടുക്കും. ഇറക്കുമതികൾക്ക് അനുമതികൾ വൈകുന്നുവെന്ന റിപ്പോര്‍ട്ടും നിലവിലുണ്ട് . ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍റേര്‍ഡ് പോലുള്ള ഏജന്‍സികളുടെ അനുമതി ചൈനീസ് കമ്പനികൾക്ക് വൈകുന്നതായി ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഇതുമൂലം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന പല ചൈനീസ് കമ്പനികള്‍ക്കും മൊബൈല്‍ അടക്കം തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഏറെ വൈകിയാണു ലഭിക്കുന്നത് പോലും.

ഇന്ത്യൻ അതിർത്തിയിലെ ചൈനീസ് പ്രകോപനത്തിനു തിരിച്ചടിയായി രാജ്യത്തെ ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതിയില്‍ സ്വീകരിക്കുന്ന കര്‍ശന നിലപാടുകളുടെ ഫലമാണ് ഇതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇറക്കുമതിയിലൂടെ രാജ്യത്ത് എത്തുന്ന ഗുണനിലവാരം ഇല്ലാത്ത സാധനങ്ങളുടെ വരവ് തടയുമെന്നും ഗുണനിലവാരം ഉറപ്പാക്കുമെന്നും കേന്ദ്രം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ചൈനീസ് വാണിജ്യ വിദേശകാര്യ മന്ത്രാലയങ്ങളും ഇതേപറ്റി പ്രതികരിച്ചില്ല. സ്വന്തം കാലിൽ നിൽക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്നും തദ്ദേശിയ ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കണമെന്ന കേന്ദ്രതീരുമാനത്തിന്റെ തുടർച്ചയായി ചൈനയിൽ നിന്ന് ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾക്ക് നിയന്ത്രണം കർക്കശമാക്കുമെന്നുമാണ്‌ റിപ്പോർട്ട്.

കളിപ്പാട്ടങ്ങൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയവുടെ ഇറക്കുമതിക്ക് ലൈസൻസ് നിർബന്ധമാക്കുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഉത്പന്നങ്ങള്‍ക്ക് സ്റ്റാന്‍റേര്‍ഡ് സര്‍ട്ടിഫിക്കറ്റ് ഉറപ്പു വരുത്താനുള്ള കാലതാമസമാണ് ഉത്പന്നങ്ങൾക്കുള്ള ഇറക്കുമതി അനുമതി വൈകുന്നതിലുള്ള പ്രധാനകാരണം. പല ചൈനീസ് ഉത്പന്നങ്ങളും തുറമുഖങ്ങളിൽ കെട്ടികിടക്കുകയാണ്. ചൈനയില്‍ നിന്നുള്ള ഇറക്കുമതി പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായി സർക്കാർ കസ്റ്റംസ് ഡ്യൂട്ടി വര്‍ധിപ്പിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

അതേസമയം ചൈനയുടെ വിഷയത്തിൽ ഇന്ത്യ തങ്ങളുടെ നിലപാട് വ്യക്തമാക്കുന്നതായിരുന്നു പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം ഇന്ത്യയുടെ പരമാധികാരം വെല്ലുവിളിക്കുന്നവര്‍ക്ക് സൈന്യം കൃത്യമായ മറുപടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പും നൽകി . പാക്കിസ്ഥാനെയും ചൈനയെയും ഉന്നമിട്ടായിരുന്നു മോദിയുടെ ഇത്തരത്തിലുള്ള പ്രസ്താവന.