സുരക്ഷിതമെന്ന് ബോധ്യമായതിന് ശേഷം മാത്രമേ സ്കൂളുകൾ തുറക്കൂവെന്ന് അരവിന്ദ് കെജ്‌രിവാൾ

single-img
15 August 2020

ദില്ലിയിൽ കൊവിഡ് സ്ഥിതി​ഗതികൾ മെച്ചപ്പെട്ടെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ സ്കൂളുകൾ തുറക്കുകയുള്ളൂവെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. ദില്ലി സെക്രട്ടറിയേറ്റിൽ സ്വാതന്ത്ര്യദിന ആഘോഷങ്ങളോട് അനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം . രണ്ട് മാസം മുമ്പ് ആയിരുന്നതിനേക്കാൾ നിയന്ത്രണ വിധേയമാണ് ദില്ലിയിലെ കൊവിഡ് സാഹചര്യമെന്നും കെജ്‌രിവാൾ വിലയിരുത്തി.

കൊവിഡ് പ്രതിരോധങ്ങൾക്കെതിരെയുള്ള പ്രവർത്തനങ്ങളിൽ ഹോം ഐസോലേഷൻ, പ്ലാസ്മ തെറാപ്പി എന്നിവയുടെ ഏറ്റവും മികച്ച മാതൃകയാണ് ദില്ലി രാജ്യത്തിന് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയുടെ സമ്പദ്‍വ്യവസ്ഥ മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. കൊവിഡ് വ്യാപനത്തെ തുടർന്ന് ഇത്തവണ സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾ ഛത്രാസൽ സ്റ്റേഡിയത്തിൽ നിന്നും ദില്ലി സെക്രട്ടറിയേറ്റിലേക്ക് മാറ്റിയിരുന്നു.

സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷയും ആരോ​ഗ്യവും ആം ആദ്മി സർക്കാരിന് വളരെ പ്രധാനപ്പെട്ടതാണെന്നും കെജ്‍രിവാൾ വ്യക്തമാക്കി. ‘ആളുകളുമായി സംസാരിക്കുകയും സ്കൂളുകൾ തുറക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അവരെപ്പോലെ തന്നെ അവരുടെ കുട്ടികളെക്കുറിച്ച് സർക്കാർ ശ്രദ്ധാലുക്കളാണെന്ന് അവർക്ക് ഉറപ്പ് നൽകാൻ ഞാൻ ആ​ഗ്രഹിക്കുന്നു. സ്ഥിതി​ഗതികൾ സുരക്ഷിതമാണെന്ന് പൂർണ്ണമായി ബോധ്യപ്പെട്ടതിന് ശേഷം മാത്രമേ സ്കൂളുകൾ തുറക്കുകയുള്ളൂ.’ കെജ്‍രിവാൾ പറഞ്ഞു.