ജലദോഷം വന്നാലും പരിശോധന; കൊവിഡ് പരിശോധനയ്ക്ക് പുതിയ മാനദണ്ഡം പുറത്തിറക്കി ആരോഗ്യ വകുപ്പ്

single-img
15 August 2020

കേരളത്തില്‍ കൊവിഡ് പരിശോധനകൾക്ക് പുതിയ മാനദണ്ഡം ആരോഗ്യവകുപ്പ് പുറത്തിറക്കി. ചെറിയ ലക്ഷണങ്ങളില്‍ പോലും ആന്റിജൻ, പിസിആർ പരിശോധനകൾ നടത്തുന്നതിനടക്കം വിശദമായ നിർദ്ദേശമാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.സാധാരണ വരുന്ന ജലദോഷ പനി അടക്കം ചെറിയ രോഗലക്ഷണം ഉള്ളവർക്ക് ആന്റിജൻ പരിശോധന നടത്താനാണ് പുതിയ തീരുമാനം.

കൊവിഡ് രോഗ ലക്ഷണങ്ങൾ കണ്ട് തുടങ്ങി അഞ്ചാമത്തെ ദിവസം ഇത് നടത്തും. എന്നാല്‍ കടുത്ത ശ്വാസകോശ സംബന്ധമായ രോഗം ഉള്ളവർക്ക് പി സി ആർ പരിശോധനയാണ് നടത്തുക. അതേസമയം നിയന്ത്രിത മേഖലയിൽ നിന്ന് വരുന്നവർക്ക് ലക്ഷണങ്ങൾ ഇല്ലെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിച്ചൽ ഉടൻ ആന്റിജൻ പരിശോധന നടത്തണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

മുന്‍പ് യാത്രാ ചരിത്രം ഉള്ളവർക്ക് രോഗ ലക്ഷണങ്ങൾ കാട്ടി തുടങ്ങിയാൽ പിസിആർ പരിശോധന തന്നെ നടത്തണം. എന്നാല്‍ ആരോഗ്യപ്രവർത്തകർ, പോലീസ് അടക്കമുള്ളവർക്ക് രോഗലക്ഷണം കണ്ടാൽ പിസിആർ ടെസ്റ്റ് നടത്തണം. മരണപ്പെടുന്നവരില്‍ മൃതദേഹത്തിൽ ആദ്യം എക്‌സ്പർട്ട് പരിശോധന നടത്താനും രണ്ടാമത് പിസിആർ പരിശോധന നടത്താനുമാണ് തീരുമാനം. ജയിലില്‍ തടവുപുള്ളികൾക്കും ആന്റിജൻ പരിശോധന നടത്താൻ നിർദ്ദേശമുണ്ട്. ഒരിക്കല്‍ കൊവിഡ് ഭേദമായവരിൽ വീണ്ടും ലക്ഷണങ്ങൾ കണ്ടാൽ പിന്നീട് പിസിആർ പരിശോധനയാണ് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിരിക്കുന്നത്.