വന്ദേഭാരത് മിഷന്‍: സൗദിയില്‍ നിന്നും 13 സര്‍വീസുകള്‍ കൂടി പ്രഖ്യാപിച്ചു

single-img
14 August 2020

പ്രവാസികളെ തിരികെ എത്തിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ വന്ദേഭാരത് മിഷന്‍ അഞ്ചാം ഘട്ടത്തിലെ രണ്ടാം ഷെഡ്യൂളില്‍ സൗദിയില്‍ നിന്നും 13 സര്‍വീസുകള്‍ കൂടി പ്രഖ്യാപിച്ചു. ഈ മാസം 16 മുതല്‍ 24 വരെ ഒമ്പത് ദിവസത്തെ ഷെഡ്യൂള്‍ ആണ് ഇന്ത്യന്‍ എംബസി ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

ഇവയില്‍ എട്ടെണ്ണം എയര്‍ ഇന്ത്യയും അഞ്ചെണ്ണം ഇന്‍ഡിഗോയുമാണ് നടത്തുക.അതേസമയം പുതിയ ഷെഡ്യൂളില്‍ ജിദ്ദയില്‍ നിന്നും വിമാനങ്ങളില്ല. കേരളത്തിലേക്കാവട്ടെ ദമ്മാമില്‍ നിന്നും അഞ്ച് സര്‍വീസുകള്‍ മാതമാണ് ഉള്ളത്. ഇവ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് രണ്ട് വീതവും കണ്ണൂരിലേക്ക് ഒരു സര്‍വീസുമാണ്.

ഇതില്‍ കൊച്ചി, തിരുവനന്തപുരം റൂട്ടുകളില്‍ എയര്‍ ഇന്ത്യയും കണ്ണൂരിലേക്ക് ഇന്‍ഡിഗോയുമാണ് സര്‍വീസ് നടത്തുക. എയര്‍ ഇന്ത്യയുടെ എല്ലാ സര്‍വീസ് ഫീസുള്‍പ്പെടെ എക്കണോമി ക്ലാസില്‍ 1060 റിയാലും ബിസിനസ് ക്ലാസില്‍ 2010 റിയാലുമാണ് കേരളത്തിലേക്ക് യാത്ര ചെയ്യാനുള്ള ടിക്കറ്റ് നിരക്കുകള്‍.

ദമ്മാമില്‍ നിന്നും മുംബൈ, റിയാദില്‍ നിന്നും മുംബൈ, ഹൈദരാബാദ്, ചെന്നൈ, വിശാഖപട്ടണം, ബെംഗളൂരു എന്നിവിടങ്ങളിലേക്കാണ് മറ്റു സര്‍വീസുകള്‍. ഇവിടങ്ങളിലെക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ അതത് വിമാനക്കമ്പനികളുടെ ഓഫീസില്‍ നേരിട്ട് ബന്ധപ്പെട്ട് ടിക്കറ്റുകള്‍ വാങ്ങാവുന്നതാണെന്ന് ഇന്ത്യന്‍ എംബസി അറിയിക്കുന്നു. ഇന്ത്യന്‍ എംബസി വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവരായിരിക്കണം എന്നതാണ് നിബന്ധന.