ജില്ലയില്‍ കുടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥലത്തെ സ്കൂൾ തുറന്നു ക്ലാസ് നടത്തി: പ്രധാന അധ്യാപകന് കാരണം കാണിക്കൽ നോട്ടീസ്

single-img
14 August 2020

സര്‍ക്കാര്‍ നിര്‍ദേശമില്ലാതെ സ്‌കൂള്‍ തുറന്ന പ്രധാന അധ്യാപകന് വിദ്യാഭ്യാസ വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നൽകി.പശ്ചിമ ബംഗാളിലെ മിഡ്‌നാപ്പൂര്‍ ജില്ലയിലെ സ്‌കൂളിലെ പ്രധാന അധ്യാപകനാണ് നോട്ടീസ് നല്‍കിയത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരിന്റെയും നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായാണ് സ്‌കൂള്‍ തുറന്ന അധ്യാപകന്റെ നടപടിയെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

പത്താം ക്ലാസിലെ വിദ്യാര്‍ഥികള്‍ക്കായിരുന്നു പഠനം അധ്യാപകന്‍ പുനരാരംഭിച്ചത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ സ്‌കൂളിലെത്തി വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും മൊഴികള്‍ ശേഖരിച്ചു. 

ഇതിന്റെ അടിസ്ഥാനത്തില്‍ അധികൃതര്‍ പ്രധാന അധ്യാപകന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയായിരുന്നു. അതേസമയം ഓണ്‍ലൈന്‍ ക്ലാസുകള്‍ ഫലപ്രദമല്ലാത്തതിനാലും വിദ്യാര്‍ഥികളില്‍ പലര്‍ക്കും മൊബൈല്‍ ലഭ്യമല്ലാത്ത സാഹചര്യത്തിലുമായിരുന്നു സ്‌കൂള്‍ തുറക്കാനുള്ള തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.

 കൂടാതെ ഒരു വിഭാഗം രക്ഷിതാക്കളുടെയും ആവശ്യപ്പെട്ടതിനനുസരിച്ചാണ് സ്‌കൂള്‍ തുറന്നതെന്നും അധ്യാപകൻ വ്യക്തമാക്കി. ജില്ലയില്‍ കുടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥലത്താണ് ഈ സ്‌കൂള്‍. ഈ വിവരം അറിഞ്ഞ ഉടനെ തന്നെ ഈ തീരുമാനം പിന്‍വലിക്കണമെന്ന് ജില്ലാ ഭരണകൂടം അവശ്യപ്പെടുകയായിരുന്നു.