ജപ്പാനീസ് ഭാഷ സംസാരിക്കുന്ന കുട്ടികള്‍ ഉള്ള ഇന്ത്യന്‍ ഗ്രാമത്തെ അറിയാം

single-img
14 August 2020

ഇന്ത്യയിലെ ഒരു ഗ്രാമത്തിൽ കുട്ടികൾ സംസാരിക്കുന്നത് ജപ്പാനീസ് ഭാഷയാണ്. കേട്ടിട്ട് അത്ഭുതം തോന്നുന്നുണ്ടോ, എന്നാൽ ഇത് സത്യമാണ്. മഹാരാഷ്ട്രയിൽ ഔറംഗബാദിനടത്തുള്ള ഗഡിവത്ത് ഗ്രാമത്തിലെ കുട്ടികളാണ് ജപ്പാനീസ് ഭാഷ സംസാരിക്കുന്നത് .

ഇത് ജന്മനാ കിട്ടിയ കഴിവല്ല, ജില്ലാ പരിഷത്തിന്റെ മേൽനോട്ടത്തിൽ ഇവിടെയുള്ള സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥികളാണ് ജാപ്പനീസ് ഭാഷ പഠിച്ച് സംസാരിക്കുന്നത്. ഔറംഗബാദ് എന്ന നഗരത്തിൽ നിന്ന് 25 കിലോമീറ്റർ ദൂരെയുള്ള ഈ ഗ്രാമത്തിൽ നല്ല റോഡുകളോ അടിസ്ഥാന സൗകര്യങ്ങളോ ഒന്നുംതന്നെ ഇപ്പോഴും ഇല്ല എന്നതും ശ്രദ്ധേയമാണ്.

പക്ഷെ ഈ ആധുനിക കാലത്തിൽ ഇന്റർനെറ്റ് സൗകര്യം പ്രയോജനപ്പെടുത്തിയാണ് സ്‌കൂളുകളിൽ അധികൃതർ കുട്ടികൾക്കായി ജപ്പാനീസ് ഭാഷ പഠിപ്പിക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു സ്‌കൂൾ അധികൃതർ ഏതെങ്കിലും വിദേശ ഭാഷകൾ കൂടി കുട്ടികൾക്ക് സ്വായത്തമാക്കാൻ അവസരം നൽകുക എന്ന തീരുമാനത്തിൽ എത്തുന്നത്.

ഇതിനെ തുടർന്ന് സ്‌കൂളുകളിൽ നാലാം ക്ലാസ് മുതൽഎട്ടാം ക്ലാസ് വരെയുള്ള കുട്ടികളോട് ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ കൂടുതൽ കുട്ടികളും തിരഞ്ഞെടുത്തത് ജപ്പാനീസ് ഭാഷയാണെന്ന് സെക്കൻഡറി സ്‌കൂൾ അധ്യാപകനായ ദാദസാഹേബ് നവ്പുതെ പറഞ്ഞു.

ഏറ്റവും നൂതനമായ യന്ത്രങ്ങളെക്കുറിച്ചും അതേപോലെ തന്നെ പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള ജിജ്ഞാസയുമാണ് കുട്ടികളെ ജപ്പാനീസ് ഭാഷ തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചതെന്നും നവ്പുതെ പറയുന്നു.

കൂടുതൽ കുട്ടികൾ ജപ്പാനീസ് ഭാഷയിൽ താത്പര്യം കാണിച്ചെങ്കിലും അവർക്കായി ഇത് സാധ്യമാക്കുക എങ്ങനെ എന്നത് സ്‌കൂളിന്റെ അധികൃതരെ ആദ്യം കുഴക്കിയിരുന്നു.

അതിന് കാരണം, ജപ്പാനീസ് ഭാഷ നന്നായി കൈകാര്യം ചെയ്യുന്നതിന് അറിയുന്നവരോ അതിനുള്ള പഠന സാമഗ്രികളോ സ്കൂളിലുണ്ടായിരുന്നില്ല. പിന്നീട് ഇന്റർനെറ്റ് വഴിയും വീഡിയോകൾ ശേഖരിച്ചും മൊഴിമാറ്റത്തിലൂടെയുമൊക്കെ അധികൃതർ കുട്ടികൾക്ക് ജാപ്പനീസ്ഭാഷ പഠിപ്പിക്കാൻ തുടങ്ങുകയായിരുന്നു.

വർക്കിംഗ് ദിവസങ്ങളിൽ വൈകീട്ട് സ്‌കൂൾ സമയം കഴിഞ്ഞ ശേഷം ഒരു മണിക്കൂർ വീതം ജപ്പാനീസ് ഭാഷാ പഠനത്തിനായി മാറ്റിവച്ചാണ് കുട്ടികളെ പരിശീലിപ്പിച്ചത്. കഴിഞ്ഞ ജൂലൈ മാസത്തിൽ മാത്രം 20-22 ക്ലാസുകൾ വരെ കുട്ടികൾക്കായി ഓൺലൈനിൽ നടത്തിയെന്ന് അധികൃതർ പറഞ്ഞു. നിലവിൽ കുട്ടികൾ തമ്മിൽ ജാപ്പനീസ് ഭാഷ ഒഴുക്കോടെ തന്നെ സംസാരിക്കുന്നതായും അധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു.

കുട്ടികൾ ജാപ്പനീസ് ഭാഷയിലെ അക്ഷരങ്ങളാണ് ആദ്യം പഠിച്ചത്. അത് ഉപയോഗിച്ച് പിന്നീട് വാക്കുകളും അവ ഉപയോഗിച്ച് വാക്യങ്ങൾ ഉണ്ടാക്കുന്നതും പഠിക്കുകയായിരുന്നു.

വിദേശ ഭാഷ പരിചയിക്കുന്നതിലൂടെ കുട്ടികൾക്ക് അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസം നൽകുക എന്നതാണ് ലക്ഷ്യമെന്ന് ജില്ലാ പരിഷത്ത് വിദ്യാഭ്യാസ ഓഫീസർ രമേഷ് താക്കൂർ പറഞ്ഞു.