യുഎഇയും ഇസ്രായേലും കെെകൊടുത്തു: ട്രംപിൻ്റെ മധ്യസ്ഥതയിൽ ചരിത്രപരമായ കരാർ

single-img
14 August 2020

യുഎഇയും ഇസ്രായേലും ചരിത്രപരമായ കരാറിൽ ഒപ്പുവച്ചു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയിലാണ് കരാർ. കരാര്‍ പ്രകാരം കൂടുതല്‍ പലസ്തീന്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കുന്നതും പരമാധികാരം സ്ഥാപിക്കുന്നതും താത്കാലികമായി നിര്‍ത്താന്‍ ഇസ്രായേല്‍ സമ്മതിച്ചിട്ടുണ്ടെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങളും യുഎഇയും അറിയിച്ചു. 

ട്രപും അബുദാബി കിരീടവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമാണ് ചര്‍ച്ചയിലേര്‍പ്പെട്ടത്. യുഎഇയും ഇസ്രായേലും  പരസ്പര ഉഭയകക്ഷി സഹകരണത്തിനും ധാരണയായിട്ടുണ്ട്.

ഏറെ നാള്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് കരാർ നടപ്പിലായത്. ഫോണിലൂടെയാണ് കരാര്‍ നടപടികള്‍ നടത്തിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

‘ഇന്ന് വലിയ മുന്നേറ്റം! ഞങ്ങളുടെ രണ്ട് മഹത്തായ സുഹൃത്തുക്കളായ ഇസ്രായേലും യുണൈറ്റഡ് അറബ് എമിറേറ്റ്‌സും തമ്മിലുള്ള ചരിത്രപരമായ സമാധാന കരാറിലേര്‍പ്പെട്ടു’- ട്രംപ് ട്വിറ്ററിലൂടെ വെളിപ്പെടുത്തി. 

‘പ്രസിഡന്റ് ട്രംപും പ്രധാനമന്ത്രി നെതന്യാഹുവുമായുള്ള ചര്‍ച്ചയില്‍ ഇസ്രയേല്‍, പലസ്തീന്‍ പ്രദേശങ്ങള്‍ കൂടുതല്‍ പിടിച്ചെടുക്കുന്നത് തടയാന്‍ ധാരണയിലെത്തി. യുഎഇയും ഇസ്രായേലും സഹകരണത്തിനും ഉഭയകക്ഷി ബന്ധം സ്ഥാപിക്കുന്നതിനുള്ള ഒരു റോഡ് മാപ്പ് തയ്യാറാക്കാനും സമ്മതിച്ചു’  മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ട്വീറ്ററിലൂടെ അറിയിച്ചു.

അടുത്ത ആഴ്ചതന്നെ പശ്ചിമേഷ്യയിലെ മറ്റു ചില രാജ്യങ്ങളുമായും  ഇത്തരത്തില്‍ കരാറുണ്ടാകുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്. 49 വര്‍ഷത്തിനുശേഷം ഇസ്രയേലും യുഎഇയും തങ്ങളുടെ നയതന്ത്ര ബന്ധം പൂര്‍ണ്ണമായും സാധാരണമാക്കും. അവര്‍ എംബസികളെയും അംബാസഡര്‍മാരെയും കൈമാറ്റം ചെയ്യുകയും അതിര്‍ത്തിയിലുടനീളം സഹകരണം ആരംഭിക്കുകയും ചെയ്യുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. 

ഇത് അസാധ്യമാണെന്ന് എല്ലാവരും പറഞ്ഞുവെന്നും അവർക്കുള്ള മറുപടിയാണ് കരാറിൻ്റെ സാക്ഷാത്കാരമെന്നും ട്രംപ് വ്യക്തമാക്കി.