കൊവിഡ് പ്രതിരോധം: കേന്ദ്രസര്‍ക്കാര്‍ നടപടികളിലൂടെ ലോകത്തിന് മാതൃക സൃഷ്ടിക്കാന്‍ സാധിച്ചു: രാഷ്ട്രപതി

single-img
14 August 2020

കൊവിഡ് പ്രതിരോധത്തിൽ കേന്ദ്രസര്‍ക്കാര്‍ സമയബന്ധിതമായി ഫലപ്രദമായ നടപടികള്‍ കൈക്കൊണ്ടുവെന്നത് ആശ്വാസകരമാണെന്നും ഈ പരിശ്രമത്തിന്റെ ഭാഗമായി ലോകത്തിന് മാതൃക സൃഷ്ടിക്കാനും സാധിച്ചുവെന്നും രാഷ്ട്രപതി രാംനാഥ്‌ കോവിന്ദ്. കൊറോണ വൈറസ് വ്യാപനത്തിനെതിരെയുള്ള പോരാട്ടത്തിൽ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം അമൂല്യമാണെന്നും രാഷ്ട്രപതി സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ പറഞ്ഞു.

രാജ്യത്തിന്റെ സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗത്തെ സ്മരിച്ചുകൊണ്ടാണ് രാഷ്ട്രപതി തന്റെ സന്ദേശം ആരംഭിച്ചത്. “എല്ലാ ഇന്ത്യക്കാര്‍ക്കും സ്വാതന്ത്ര്യദിനാശാംസകള്‍ നേരുന്നു. ഈ അവസരത്തില്‍ നമ്മുടെ രാജ്യത്തിന്റെ സമര സേനാനികളുടെ ത്യാഗത്തെ നന്ദിയോടെ ഓര്‍ക്കുന്നു.

അവര്‍ ചെയ്ത ത്യാഗത്തിന്റെ ഫലമാണ് ഇന്ന് കാണുന്ന ഇന്ത്യയെന്ന സ്വതന്ത്ര രാജ്യം. അതേപോലെതന്നെ കൊറോണ വൈറസിനെതിരെയുള്ള രാജ്യത്തിന്റെ പോരാട്ടത്തില്‍ മുന്‍നിര യോദ്ധാക്കളായ ഡോക്ടര്‍മാരോടും നഴ്‌സുമാരോടും ആരോഗ്യ പ്രവര്‍ത്തകരോടും രാജ്യം കടപ്പെട്ടിരിക്കുന്നു. വൈറസിനെതിരെ വെല്ലുവിളി നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ സമയബന്ധിതമായി ഫലപ്രദമായ നടപടികള്‍ കൈക്കൊണ്ടുവെന്നത് ആശ്വാസകരമാണ്”.- അദ്ദേഹം പറഞ്ഞു.