ഇന്ത്യയുടെ വാക്സിൻ സുരക്ഷിതം: പാർശ്വഫലങ്ങളില്ല

single-img
14 August 2020

ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് വാക്‌സിൻ സുരക്ഷിതമെന്ന് അധികൃതർ. പ്രാരംഭഘട്ടത്തിനൊടുവിൽ പരീക്ഷണത്തിൽ പങ്കെടുത്തവരിൽ വിപരീതഫലമൊന്നും കാണപ്പെട്ടില്ലെന്നും വാക്‌സിൻ സുരക്ഷിതമാണെന്നും സൂക്ഷ്മപരിശോധനാ വിഭാഗത്തിന്റെ മേധാവി സവിതാ വർമ്മ പറഞ്ഞു.

മരുന്നിന്റെ രണ്ടാമത്തെ ഡോസ് നൽകുന്ന നടപടികളാണ് ഇപ്പോൾ നടക്കുന്നതെന്നും ഇതുവരെ അസാധാരണമായി ഒന്നും ഉണ്ടായിട്ടില്ലെന്നും സവിതാ വർമ്മ പറഞ്ഞു. 12 സംസ്ഥാനങ്ങളിലെയും സുരക്ഷാ വിവരങ്ങൾ ലഭിച്ചയുടൻ രണ്ടാം ഘട്ട പരീക്ഷണത്തിനായി അനുമതി വാങ്ങുമെന്നും അധികൃതർ പറഞ്ഞു. എല്ലാം കൃത്യമായി മുന്നോട്ടുപോയാൽ അടുത്ത വർഷം പകുതിയോടെ വാക്‌സിൻ ലഭ്യമാക്കുമെന്ന് ഭാരത് ബയോടെക്ക് അധികൃതർ പറഞ്ഞു.

ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിലായി 375 വോളണ്ടിയർമാരിലാണ് വാക്‌സിൻ പരീക്ഷിക്കുന്നത്. ഓരോരുത്തർക്കും രണ്ട് ഡോസ് മരുന്നാണ് നൽകുന്നത്. ആദ്യ ഡോസ് നൽകിയതിന് ശേഷമുള്ള റിപ്പോർട്ടുകളിൽ മരുന്ന് സുരക്ഷിതമാണെന്ന് കണ്ടെത്തിയെന്നും അടുത്ത ഡോസ് നൽകിയതിന് ശേഷം എത്രത്തോളം ഫലപ്രദമാണെന്ന് അറിയാൻ കഴിയുമെന്നും സവിതാ വർമ്മ പറഞ്ഞു. ഇതിനായി വോളണ്ടിയർമാരുടെ സാംപിളുകൾ ശേഖരിച്ചുതുടങ്ങിയെന്നും അവർ കൂട്ടിച്ചേർത്തു.

കോവിഡ് വാക്സിൻ സാക്ഷാത്കരിക്കുന്നതിനായി സ്വയം സന്നദ്ധരായ ഒരു കൂട്ടം ആളുകളിലാണ് പരീക്ഷണം നടത്തുന്നത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മരുന്ന് കമ്പനിയും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായാണ് വാക്‌സിൻ നിർമ്മിക്കുന്നത്. മൂന്ന് ഘട്ടമായാണ് പരീക്ഷണം നടത്തുക. മുമ്പ് എലികളിലും മുയലിലും നടത്തിയ പരീക്ഷണം വിജയിച്ചതായി ഡോക്ടർമാർ അറിയിച്ചിരുന്നു.