മോശമായി പെരുമാറാന്‍ ശ്രമിച്ചത് സഹോദരി തുറന്നു പറയുമോ എന്നുള്ള ആശങ്കയും കൊലപാതകത്തിലേക്കു നയിച്ചു: ആൻമേരിയുടെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തൽ

single-img
14 August 2020

കാസര്‍കോട് ബളാലില്‍ ഐസ്‌ക്രീമില്‍ എലിവിഷം കലര്‍ത്തി സഹോദരിയെ കൊന്ന കേസില്‍ പ്രതി ആല്‍ബിന്‍ ബെന്നിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കാഞ്ഞങ്ങാട് മജിസ്‌ട്രേറ്റ് അവധിയായതിനാല്‍ കാസര്‍കോട് കോടതിയില്‍ ഹാജരാക്കാനാണ് സാധ്യത. ഇന്നലെ വൈകിട്ടാണ് ആല്‍ബിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. 

ആദ്യം തെളിവെടുപ്പിനായി വീട്ടിലെത്തിച്ചേക്കും. തുടര്‍ന്ന് വൈദ്യ പരിശോധനക്കും, കോവിഡ് പരിശോധനക്കും ശേഷമാകും കോടതിയില്‍ ഹാജരാക്കുക. സ്വന്തം സ്വഭാവ രീതികളോട് വീട്ടുകാര്‍ അനിഷ്ടം പ്രകടിപ്പിച്ചതും തന്റെ സുഹൃത്തുക്കളെ വീട്ടുകാര്‍ക്ക് ഇഷ്ടമല്ലാത്തതുമാണ് കൊലപാതകം ചെയ്യാൻ പരേരിപ്പിച്ചതെന്നാണ് ആൽബിൻ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ചോദ്യ ചെയ്യലിൽ കൂടുതൽ കാര്യങ്ങൾ ആൽബിൻ വെളിപ്പെടുത്തുകയായിരുന്നു. 

വീടിന് അടുത്തുള്ള യുവതിയോട് ആല്‍ബിനുണ്ടായിരുന്ന അടുപ്പം വീട്ടുകാര്‍ ഇഷ്ടപ്പെടാതിരുന്നതും വൈരാഗ്യം വര്‍ധിപ്പിച്ചതായി ആൽബിൻ പറഞ്ഞു. സഹോദരിയോട് മോശമായി പെരുമാറാന്‍ ശ്രമിച്ചതും അശ്ലീല വിഡിയോ കാണുന്നതും സഹോദരി വീട്ടുകാരോട് പറയുമോ എന്ന ആശങ്കയും പ്രതിക്കുണ്ടായിരുന്നതായി പൊലീസ് പറയുന്നു. 

കാസർഗോഡ് ബളാല്‍ അരിങ്കല്ലിലെ ഓലിക്കല്‍ ബെന്നിയുടെ മകള്‍ പതിനാറുകാരി ആന്‍മേരി മരിയയുടെ മരണത്തിലാണ് സഹോദരന്‍ ആല്‍ബിന്‍ ബെന്നിയെ പൊലീസ് അറസ്റ്റ് ചെയ്തത്. മാതാപിതാക്കള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്കാണ് ഐസ്‌ക്രീമില്‍ എലിവിഷം ചേര്‍ത്തു നല്‍കിയത്. കഴിഞ്ഞ 31ന് വീട്ടിലുണ്ടാക്കിയ ഐസ്‌ക്രീം ആല്‍ബിന്‍ ഒഴികെ മറ്റെല്ലാവരും കഴിച്ചിരുന്നു. 

ഐസ്ക്രീം കഴിച്ച് അവശനിലയിലായ ആന്‍ മരിയക്ക് മഞ്ഞപ്പിത്തമാണെന്നു കരുതി നാടന്‍ ചികിത്സ നല്‍കിയിരുന്നതായും പൊലീസ് പറയുന്നു. എന്നാൽ സ്ഥിതി ഗുരുതരമായപ്പോള്‍ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. പെൺകുട്ടി അന്നു തന്നെ മരിച്ചു. പിന്നാലെ ബെന്നിയെയും ബെസിയെയും ഛര്‍ദിയെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാക്കി. പരിശോധനയില്‍ രക്തത്തില്‍ എലിവിഷത്തിന്റ അംശം കണ്ടെത്തുകയായിരുന്നു. 

അസ്വാസ്ഥ്യമുണ്ടെന്ന് അഭിനയിച്ച ആല്‍ബിൻ്റെ രക്തത്തില്‍ വിഷാംശം കണ്ടെത്തിയിുന്നില്ല. ആന്‍ മരിയയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും വിഷസാന്നിധ്യമാണ് മരണകാരണമായി പറഞ്ഞിരുന്നത്. 

സംഭങ്ങളുടെ ദുരൂഹത നീക്കാൻ പൊലീസ് അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് വീട്ടിലെത്തി ഐസ്‌ക്രീം ഉള്‍പ്പെടെയുള്ളവ ശേഖരിച്ച് പരിശോധന നടത്തി. പിന്നീടുള്ള പരിശോധനയിലാണ് ആല്‍ബിന്‍ അറസ്റ്റിലായത്. സ്വത്തെല്ലാം സ്വന്തം പേരിലാക്കാനും രഹസ്യബന്ധങ്ങള്‍ക്ക് തടസമായ കുടുംബത്തെ പൂര്‍ണമായും ഇല്ലാതാക്കാനുമാണ് കൊലപാതകത്തിന് പദ്ധതിയിട്ടതെന്നാണ് ആല്‍ബിൻ ആദ്യം മൊഴി നൽകിയത്. 

ഐസ്‌ക്രീമില്‍ എലിവിഷം കലര്‍ത്തുന്നതിന് രണ്ടാഴ്ച മുമ്പ് കോഴിക്കറിയില്‍ വിഷം കലര്‍ത്തിയിരുന്നു. എന്നാല്‍ വിഷത്തിന്റെ അളവ് കുറവായതിനാല്‍ കുടുംബം രക്ഷപ്പെടുകയായിരുന്നുവെന്നും ആൽബിൻ പൊലീസിനോടു പറഞ്ഞു.