യുവര്‍ ഓണര്‍ എന്ന് സംബോധന ചെയ്യുന്നത് അമേരിക്കന്‍ കോടതികളില്‍, ഇവിടെ ‘ സര്‍’ മതി: ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡേ

single-img
13 August 2020

രാജ്യത്തിന്റെ സുപ്രീം കോടതിയില്‍ കഴിഞ്ഞ ദിവസം നടന്ന വാദത്തിനിടെ ചീഫ് ജസ്റ്റിസിനോട് യുവര്‍ ഓണര്‍ എന്ന് സംബോധന ചെയ്ത അഭിഭാഷകനോട് നിങ്ങള്‍ അമേരിക്കന്‍ സുപ്രീം കോടതിയിലാണോ നില്‍ക്കുന്നത് എന്ന ചോദ്യവുമായി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡേ രംഗത്തെത്തി. അഭിഭാഷകനോട് യുവര്‍ ഓണര്‍ എന്ന സംബോധന അമേരിക്കന്‍ കോടതികളിലാണെന്നും ഇന്ത്യന്‍ വ്യവസ്ഥയില്‍ അങ്ങനെ സംബോധന ചെയ്യണമെന്ന് പറഞ്ഞിട്ടില്ല എന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

ഇന്ത്യന്‍ ഭരണഘടനയില്‍ ഇപ്പോഴുള്ള എഴുതപ്പെട്ട നിയമാവലിയില്‍ പെട്ടതല്ല ഈ പ്രയോഗമെന്നും കാലങ്ങളായി കോടതികളില്‍ ഉപയോഗിച്ച് വരുന്നുവെന്ന് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, സാധാരണയായി ഇന്ത്യയില്‍ ബഹുമാനപൂര്‍വ്വം ആള്‍ക്കാരെ സംബോധന ചെയ്യാനുപയോഗിക്കുന്ന വാക്കുകള്‍ ഉപയോഗിക്കാന്‍ ശ്രമിക്കൂ എന്നും മാന്യമായ രീതിയില്‍ ഒരു ജഡ്ജിനെ അഭിസംബോധന ചെയ്താല്‍ മതിയാകുമെന്നും പറഞ്ഞ അദ്ദേഹം, സര്‍ എന്ന് വിളിക്കുന്നതാണ് ഉത്തമമെന്നും കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ കോടതികളില്‍ ജഡ്ജിമാരെ അഭിഭാഷകര്‍ എങ്ങിനെയായിരിക്കണം സംബോധന ചെയ്യുമെന്ന കാര്യം കഴിഞ്ഞ കുറച്ച് കാലങ്ങളായി വിദഗ്ധര്‍ ചര്‍ച്ച ചെയ്യുന്ന വിഷയമാണ്. ബ്രിട്ടീഷ് കോളനി വാഴ്ചയുടെ ബാക്കിപത്രമായ ഇത്തരം പ്രയോഗങ്ങള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇതിന് മുന്‍പും ധാരാളം ആളുകള്‍ പരാതികള്‍ നല്‍കിയിട്ടുണ്ട്.

ഇത് ആദ്യമായല്ല, ഇതിന് മുന്‍പ് 2014 ല്‍ സുപ്രീം കോടതി ജഡ്ജായി സേവനമനുഷ്ടിച്ചിരുന്ന സമയത്തും സമാനമായ പരാമര്‍ശം ജസ്റ്റിസ് ബോബ്‌ഡേ നടത്തിയിരുന്നു. ജഡ്ജിമാരെ മാന്യമായ രീതിയില്‍ അഭിസംബോധന ചെയ്താല്‍ മതിയെന്നും അദ്ദേഹത്തിന്റെ ബെഞ്ച് ശിവ സാഗര്‍ തിവാരി എന്ന അഭിഭാഷകന് നല്‍കിയ മറുപടിയില്‍ പറഞ്ഞിരുന്നതാണ്.